dyfi

കോതമംഗലം : ലഹരി മഫിയ സംഘത്തെ ചോദ്യം ചെയ്യുകയും ലഹരി ഇടപാടുകൾ തടയാൻ മുന്നിട്ടറങ്ങുകയും ചെയ്ത യുവാവിനെ അഞ്ചംഗ സംഘം വീടുകയറി ആക്രമിച്ചു. കുടമുണ്ട നക്കിളിക്കാട്ട് ശ്രീജേഷിനാണ് പരിക്കേറ്റത്. ശ്രീജേഷിന്റെ അമ്മ നന്ദിനിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് ശ്രീജേഷ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും കോതമംഗലം എസ്.ഐ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും വില്പനക്കെതിരെയും പ്രതികരിച്ചതിനാലാണ് ശ്രീജേഷിനെ സംഘം ആക്രമിച്ചത്. ശ്രീജേഷിന്റെ തലയ്ക്കും മുഖത്തിനുമാണ് പരിക്കേറ്റിട്ടുള്ളത്. കുളപ്പുറം ഉണ്ണി, ജോയൽ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം അഴിച്ച് വിട്ടതെന്നാണ് ശ്രീജേഷ് പറയുന്നത്. ശ്രീജേഷിനെയും അമ്മയേയും വീട്ടിൽ കയറി അപായപ്പെടുത്താൻ ശ്രമിച്ച മയക്കുമരുന്നു മാഫിയക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ കോഴിപ്പിള്ളി മേഖല കമ്മിറ്റി അവശ്യപ്പെട്ടു.