മലയാള സിനിമയിൽ അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടേഴ്സായി പ്രവർത്തിച്ച പരിചയം കൈമുതലാക്കിയാണ് ജിബി -ജോജു സഖ്യത്തിന്റെ കന്നി സംവിധാന സംരംഭമായ 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്ന സിനിമ പൂർണമായും അമ്മ മണമുള്ള സിനിമയാണ്. നായകൻ മോഹൻലാലിന്റെ അമ്മയിൽ തുടങ്ങുന്ന ആ സ്നേഹം പല പല അമ്മമാരിലൂടെ കടന്ന് ഒടുവിൽ എല്ലാവരും ഉണ്ടായിട്ടും വൃദ്ധസദനങ്ങളിൽ ശിഷ്ടകാലം ജീവിക്കേണ്ടി വന്ന അമ്മമാരിലാണ് ചെന്നുനിൽക്കുന്നത്.
ചൈനയല്ലേ അത്ര ഉറപ്പൊന്നും വേണ്ട
ഇട്ടിമാണി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാൽ ചൈനയിൽ ജനിച്ച ശേഷം പിന്നീട് തൃശൂരിലെത്തുന്ന ചൈനീസ് ഭക്ഷണ സ്ഥാപന ഉടമയാണ്. കാറ്ററിംഗാണെങ്കിലും ചൈനയിലെപ്പോലെ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കുന്ന ബിസിനിസാണ് ഇട്ടിമാണിക്ക്. ഇതിനിടെ ഇട്ടിമാണിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ആകെത്തുക. 2.38 മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും പലപ്പോഴും ആസ്വാദനത്തിന്റെ വേഗം കുറയുന്ന പ്രതീതി പ്രേക്ഷകനിൽ കടന്നുകൂടിയേക്കാം. എന്നാൽ ആദ്യപകുതിയിൽ ഇട്ടിമാണിയും (മോഹൻലാലും) സഹായിയുമായ സുഗുണനും (അജു വർഗീസ്) ചേർന്നുള്ള തമാശകൾ തീയേറ്ററിൽ ചിരിപ്പൂരം തീർക്കുന്നുണ്ട്. ഇവർക്കിടയിലേക്ക് പോത്തൻ എന്ന കഥാപാത്രമായി ഹരീഷ് കണാരൻ കൂടി എത്തുന്നതോടെ പ്രേക്ഷകർക്ക് പിന്നെയും ചിരിക്കാനേറെയാണ്. ആദ്യപകുതി സസ്പെൻസിൽ നിറുത്തുന്ന ചിത്രം രണ്ടാം പകുതിയിൽ അൽപം നാടകീയതകളിലൂടെയാണ് സഞ്ചരിക്കുന്നത്.
ചിത്രത്തിൽ ഇട്ടിമാണിയും അമ്മയായെത്തുന്ന കെ.പി.എ,സി ലളിതയും തമ്മിലുള്ള രസതന്ത്രം മികച്ചതാണ്. പരസ്‌പരം പോരടിക്കുമ്പോൾ പോലും അമ്മയും മകനും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ നേർക്കാഴ്ച കൂടിയാകുന്നു ചിത്രം. സിനിമയിൽ ഇട്ടിമാണിയും അമ്മയും ചിലയിടങ്ങളിലൊക്കെ ചൈനീസ് ഭാഷ സംസാരിക്കുന്നുണ്ട്. ആൾക്കൂട്ടത്തിൽ വച്ചൊക്കെ മറ്റുള്ളവർക്ക് മനസിലാവാത്ത രീതിയിൽ ആശയവിനിമയം നടത്തുന്നത് ചൈനീസ് ഭാഷയുടെ സഹായത്തോടെയാണ്. അന്നാമ്മ എന്ന മറ്റൊരു അമ്മയുടെ വേഷത്തിൽ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ മടങ്ങിയെത്തിയ രാധിക ശരത്‌കുമാറും മികച്ചു നിൽക്കുന്നു.
ഇരു സംവിധായകരും ചേർന്നൊരുക്കിയ തിരക്കഥയിലെ ചിലരംഗങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നില്ലേ എന്ന് പ്രേക്ഷകൻ ചിന്തിച്ചേക്കാം. തൃശൂരാണ് സിനിമയുടെ പശ്ചാത്തലമെങ്കിലും ആ സ്ളാംഗിന്റെ അതിപ്രസരം സിനിമയിലില്ലെന്നതും ശ്രദ്ധേയമാണ്. മോഹൻലാലിനെ നായകനാക്കി ഒരു സിനിമയെടുക്കുമ്പോൾ പ്രതീക്ഷകൾ വാനോളമായിരിക്കും. അതിനാൽ മാസിനപ്പുറം കുടുംബപ്രേക്ഷരെ കൂടി തിയേറ്ററിൽ എത്തിക്കുകയാണ് ചെയ്യേണ്ടതെന്ന ഉത്തമബോദ്ധ്യത്തോടെയാണ് ജിബി -ജോജു ഇട്ടമാണി ഒരുക്കിയിരിക്കുന്നത്. ഒരു ഗാനരംഗമടക്കം ചൈനയിലും സിനിമ ചിത്രീകരിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ മോഹൻലാലിന്റെ മാർഗംകളിയും ഒന്നുകാണേണ്ടതു തന്നെ. ഹണി റോസാണ് ചിത്രത്തിലെ നായിക. വിനു മോഹൻ, ധർമ്മജൻ ബോൾഗാട്ടി, അശോകൻ, സിജോയ് വർഗീസ്, കൈലാഷ്, സലിം കുമാർ, സുനിൽ സുഖദ, സിദ്ദിഖ്, സ്വാസിക, വിവിയ, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി, മാധുരി തുടങ്ങി താരങ്ങളുടെ ഒരു നീണ്ടനിര തന്നെയുണ്ട് സിനിമയിൽ.
ഒടിയന് ശേഷം മോഹൻലാൽ പിന്നണി പാടിയ ചിത്രം കൂടിയാണ് ഇട്ടിമാണി. വൈക്കം വിജയലക്ഷ്‌മിക്കൊപ്പമാണ് 'കണ്ടോ കണ്ടോ' എന്നുതുടങ്ങുന്ന ഗാനം ലാൽ ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ദീപക് ദേവാണ് സംഗീതം. പുലിമുരുകൻ, ഒടിയൻ എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രാഹകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റേറ്റിംഗ്: 2.5
വാൽക്കഷണം: മെയ്ഡ് ഇൻ ചൈനയാണെങ്കിലും മിനിമം ഗാരന്റി ഉറപ്പ്