ബഹിരാകാശ ഗവേഷണ രംഗത്ത് അഭിമാനനേട്ടങ്ങൾ ഒന്നൊന്നായി കയ്യടക്കുന്ന ഐ.എസ്.ആർ.ഒയുടെ തുടക്കം കേരളത്തിലെ തുമ്പയിൽ നിന്നാണ്. തുമ്പയിൽ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപിക്കാൻ സൈക്കിളിന്റെ പിന്നിൽ റോക്കറ്റ് ഭാഗങ്ങളും കെട്ടിവെച്ച് പോകുന്നതാണ് ഐ.എസ്.ആർ.ഒയുടെതായി ജനങ്ങളുടെ മനസിൽ വരുന്ന ആദ്യചിത്രം. ഐ.എസ്.ആർ.ഒ. ഇന്ന് 57 ലേറെ രാജ്യങ്ങൾക്ക് ഉപഗ്രഹവിക്ഷേപണത്തിന് ആശ്രയമായ പടുകൂറ്റൻ സ്ഥാപനമാണ്. ലോകത്തിലെ ഏറ്റവും സജ്ജീകൃതമായ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഇതിന് സ്വന്തം.
ഐ.എസ്.ആർ.ഒയ്ക്ക് കീഴിലുള്ള ആൻട്രിക്സ് കോർപറേഷൻ ഇപ്പോൾ ലോകത്തെ 57 രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന വൻകിട സ്ഥാപനമാണ്. ഇതുവരെ 239 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകഴിഞ്ഞു. കൂടാതെ നിരവധി സ്ഥാപനങ്ങൾക്ക് ട്രാൻസ്പോണ്ടർ സേവനവും നൽകുന്നു. പ്രതിവർഷം 2039 കോടിയിലേറെ രൂപയാണ് ഇതിന്റെ ലാഭം.
തുടക്കം തുമ്പയിൽ നിന്ന്
തിരുവനന്തപുരത്തെ തുമ്പയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഭൂമിയുടെ കാന്തിക മധ്യരേഖ (മാഗ്നറ്റിക് ഇക്വേറ്റർ) കടന്നുപോകുന്നത് ഇതിനുമുകളിലൂടെയാണ്. ഇതാണ് ഐ.എസ്.ആർ.ഒയുടെ തുടക്കം ഇവിടെയാകാനിടയായത്. ഇവിടെ നൂറുകിലോമീറ്റർ ഉയരത്തിൽ കിഴക്കോട്ടൊഴുകുന്ന 'ഇക്വറ്റോറിയൽ ഇലക്‌ട്രോജെറ്റ് ' എന്ന വൈദ്യുതി പ്രവാഹത്തിന്റെ പാളികളുണ്ട്. ഇത് അയണോസ്ഫിയറിലെ പല പ്രതിഭാസങ്ങൾക്കും കാരണമാകുന്നു. ഈ പ്രവാഹത്തിലൂടെ പഠനോപകരണങ്ങളുമായി റോക്കറ്റുകൾ വിട്ടാൽ കാലാവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ച് പഠിക്കാനാവുമെന്നതാണ് പ്രത്യേകത. പക്ഷെ റോക്കറ്റ് വിക്ഷേപണകേന്ദ്രം പിന്നീട് ഉയർന്നത് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലാണ്.
തുടക്കം ലളിതമായി
1952ൽ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ച് സ്റ്റേഷൻ (ടേൾസ്) തുടങ്ങി. തുമ്പയിലെ മേരി മഗ്ദലന പള്ളിയുടെയും അടുത്തുള്ള ബിഷപ്പ് ഹൗസിന്റെയും ഇടുങ്ങിയ ഹാളിലും ഇടനാഴികളിലും വികാരിയുടെ കിടപ്പുമുറിയിലുമായി, ദാനംകിട്ടിയ ഒരു റോക്കറ്റോടെ ഇവിടെ പദ്ധതികൾക്ക് തുടക്കമിട്ടു. 1963 നവംബർ 21ന് അമേരിക്കൻ നിർമിത 'നൈക്ക് അപാഷേ' റോക്കറ്റ് ഇവിടെനിന്ന് വിജയകരമായി വിക്ഷേപിച്ചു. അങ്ങനെ കടലും കട്ടമരങ്ങളും ഭാഗധേയം നിർണയിച്ചിരുന്ന തുമ്പയെന്ന മുക്കുവഗ്രാമം നാട്ടുകാരുടെ കൂടി പിന്തുണയോടെ ഇന്ത്യയുടെ ആകാശത്തോളംപോന്ന അഭിമാനമായി. അന്നത്തെ ആ പള്ളി ഇന്ന് ബഹിരാകാശ മ്യൂസിയമായിമാറി.ടേൾസിന്റെ വികസനത്തിന് പിന്നീട് പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ ഇടപടലോടെ അമേരിക്ക,റഷ്യ,ജപ്പാൻ,ഫ്രാൻ്സ് എന്നിവയുടെ സഹായം തേടി. ഇവിടം പിന്നീട് റോക്കറ്റുകൾ നിർമ്മിക്കുന്ന ഐ.എസ്.ആർ.ഒ.യുടെ സുപ്രധാനകേന്ദ്രമായ വി.എസ്.എസ്.സിയായി വളർന്നു. എണ്ണായിരത്തോളം പേർ ജോലിചെയ്യുന്ന കൂറ്റൻ സ്ഥാപനമാണ് വി.എസ്.എസ്.സി. ഇതിനോട് ചേർന്ന് തിരുവനന്തപുരത്ത് ഇപ്പോൾ എൽ.പി.എസ്.സി, ഐ.ഐ.എസ്.സി. തുടങ്ങിയ ഗവേഷണവികസന സ്ഥാപനങ്ങളുമുണ്ട്.
പക്ഷെ തുമ്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഉയർന്നില്ല. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനായി തിരഞ്ഞെടുത്തത് കുറെക്കൂടി സൗകര്യമുളള ശ്രീഹരിക്കോട്ടയിലാണ്.
ശ്രീഹരിക്കോട്ടയിൽ ഉപഗ്രഹ ടെലിമെട്രി സ്റ്റേഷൻ സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ അതിന് ആവശ്യത്തിനു പണമില്ലാത്ത പ്രശ്നം അലട്ടിയിരുന്നതായി ചരിത്രം.
അതിനിടെ ആസ്‌ട്രേലിയയിൽ പഴയ ടെലിമെട്രി സ്റ്റേഷൻ പൊളിച്ചുവിൽക്കാൻ പോകുന്നുവെന്നു സാരാഭായ് അറിഞ്ഞു. 90 ശതമാനം വില കുറച്ച് അതുവാങ്ങിയാണ് ശ്രീഹരിക്കോട്ടയിൽ സ്ഥാപിച്ചത്. ഇന്ന് ലോകത്തിലെ തന്നെ മികവുറ്റ വിക്ഷേപണകേന്ദ്രമാണിത്. ചന്ദ്രയാനും മംഗൾയാനുമെല്ലാം കുതിച്ചുയർന്നത് ഇവിടെ നിന്നാണ്. ആദ്യ ബഹിരാകാശമനുഷ്യദൗത്യവും ഇവിടെ നിന്ന് പറന്നുയരും.
ചന്ദ്രയാൻ 2ന് ശേഷം ഗഗൻയനും സ്പെയ്സ് സ്റ്റേഷനും വരും
ചന്ദ്രയാൻ 2ന്റെ വിജയത്തിന് ശേഷം നിരവധി കൂറ്റൻ പദ്ധതികളാണ് ഐ.എസ്.ആർ.ഒയ്ക്ക് ഉള്ളത്. 2022ൽ ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാൻ ആണ് അതിൽ സുപ്രധാനം. മൂന്ന് ഇന്ത്യൻ ബഹിരാകാശയാത്രികരെ ഉൾപ്പെടുത്തിയുള്ള പതിനായിരം കോടിയുടെ ബൃഹദ് പദ്ധതിക്ക് തുടക്കമിട്ട് കഴിഞ്ഞു. ഇതുകൂടാതെ 2028 ൽ ഇന്ത്യയ്ക്ക് സ്വന്തമായി സ്പെയ്സ് സ്റ്റേഷൻ നിർമ്മിക്കാനും പദ്ധതിയൊരുക്കിയിട്ടുണ്ട്. 2023ൽ ചൊവ്വയിലേക്ക് മംഗൾയാൻ 2, ചന്ദ്രയാൻ 2ന് പിന്നാലെ 2025ന് മുമ്പ് ചന്ദ്രയാൻ 3,അടുത്ത വർഷം സൂര്യനെ കുറിച്ചറിയാൽ ആദിത്യ എൽ 1, ശുക്രനെ ലക്ഷ്യമാക്കിയുള്ള ശുക്രയാൻ എന്നിവയാണ് മറ്റ് പദ്ധതികൾ.
ഐ.എസ്.ആർ.ഒ.യുടെ വിജയവഴിത്താര
1962 ഫെബ്രുവരി 16
ആണവോർജ വകുപ്പിനുകീഴിൽ ദേശീയ ബഹിരാകാശ ഗവേഷണസമിതിക്കു (ഇൻസ്‌കോപാർ) രൂപം നൽകി. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ നിർമാണം തുടങ്ങി.
1963 നവംബർ 21
തുമ്പയിൽനിന്ന് ആദ്യ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപിച്ചു.
1969 ഓഗസ്റ്റ് 15
ആണവോർജ്ജ വകുപ്പിനു കീഴിലായി ഐ.എസ്.ആർ.ഒ. രൂപീകരിച്ചു
1972 ജൂൺ 1
സ്‌പേസ് കമ്മിഷൻ, ബഹിരാകാശ വകുപ്പ് (ഡി.ഒ.എസ്.) എന്നിവ സ്ഥാപിതമായി.
1975 ഏപ്രിൽ 19
ഇന്ത്യയുടെ ആദ്യ ഉപഗ്രഹം 'ആര്യഭട്ട' റഷ്യയിൽനിന്നു വിക്ഷേപിച്ചു
1984 ഏപ്രിൽ 2
ഇന്ത്യയും സോവിയറ്റ് യൂണിയനും ചേർന്നുള്ള ദൗത്യത്തിൽ രാകേഷ് ശർമ ബഹിരാകാശത്ത്
1992 മെയ് 20
എ.എസ്.എൽ.വി. റോക്കറ്റ് പരീക്ഷണ വിക്ഷേപണം വിജയം.
1994 ഒക്ടോബർ 15
പി.എസ്.എൽ.വി.വിക്ഷേപണവിജയം
2001 ഏപ്രിൽ 18
ജി.എസ്.എൽ.വി.ഡി 1 പരീക്ഷണ വിക്ഷേപണം.
2008 ഒക്ടോബർ 22
ചന്ദ്രയാൻ ഒന്ന് വിക്ഷേപിച്ചു
2013 നവംബർ 5
മംഗൾയാൻ വിക്ഷേപണം
2014 ഡിസംബർ 18
പുതുതലമുറ വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി. മാർക്ക് 3 ന്റെ (എൽ.വി.എം. 3 എക്സ്) പരീക്ഷണം.
2016 മേയ് 23
ബഹിരാകാശത്ത് ആളെ അയക്കുന്നതിനു മന്നോടിയായി ആർ.എൽ.വി. ടി.ഡി.യുടെ പരീക്ഷണ വിക്ഷേപണം.
2017 ഫെബ്രുവരി 15
പി.എസ്.എൽ.വി. സി.37, 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് ചരിത്രമെഴുതി
2019 ജൂലായ് 22
ചന്ദ്രയാൻ 2 വിക്ഷേപണം