milk-price-hike

തിരുവനന്തപുരം: മിൽമ പാൽ വില ലിറ്ററിന് നാല് രൂപ കൂട്ടാൻ മന്ത്രി കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പുതിയ വില 21ന് നിലവിൽ വരും. ഓണത്തിന് മുൻപ് വില വർദ്ധിപ്പിച്ചാൽ പ്രതിഷേധം

വിളിച്ചുവരുത്തുമെന്നതിനാലാണ് ഓണത്തിന് ശേഷമാക്കിയത്. പാൽ സൊസൈറ്റികളിലും ഇതേ നിരക്കിൽ വില കൂടും.

ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. കൂടിയ വിലയുടെ 80 ശതമാനം കർഷകർക്ക് നൽകാമെന്ന് മിൽമ അറിയിച്ചെങ്കിലും കൂടുതൽ വേണമെന്ന സർക്കാർ നിലപാടിനെ തുടർന്നാണ് 83.75 ശതമാനം തുകയും നൽകാൻ തീരുമാനിച്ചത്. 3.35 രൂപ കർഷകന് ലഭിക്കും. പാൽ വില ചാർട്ടിലെ എല്ലാ പോയിന്റുകളിലും ഈ വർദ്ധന ലഭിക്കും.

വർദ്ധിപ്പിച്ച തുകയുടെ 0.25 ശതമാനം പാൽ വരുന്ന പ്ലാസ്റ്റിക് കവർ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട ഗ്രീൻ കേരള ഇനിഷ്യേറ്റീവിനായി ചെലവഴിക്കും. പ്രതിവർഷം രണ്ടു കോടി രൂപ ഈയിനത്തിൽ ചെലവ് വരും. ക്ഷീര സംഘങ്ങൾക്കും പാൽ വിതരണ ഏജന്റിനും നാലു ശതമാനം വീതം തുക ഉൾക്കൊള്ളിച്ചു. വർദ്ധനയുടെ നാലു ശതമാനം ഇൻസെന്റീവും നൽകും. 0.75 ശതമാനം ക്ഷീരകർഷക ക്ഷേമനിധിയിൽ അംശദായമായും നൽകും.

പാലിനൊപ്പം കാലിത്തീറ്റയുടെയും വില കൂട്ടുന്ന പതിവ് ഇത്തവണ വേണ്ടെന്ന് യോഗം തീരുമാനിച്ചു. 2017 ഫെബ്രുവരിയിലാണ് അവസാനമായി മിൽമ പാലിന് വില കൂട്ടിയത്. അന്നും കൂടിയ നാലു രൂപയിൽ 3.35 രൂപയും കർഷകർക്ക് നൽകിയിരുന്നു.

'ഉയർന്ന ഉത്പാദന ചെലവ് പരിഗണിച്ചാണ് വില വർദ്ധന. കഴിഞ്ഞ രണ്ടര വർഷത്തിനിടെ പാൽ വിലയിൽ പത്തു ശതമാനം വർദ്ധന മാത്രമാണുണ്ടായത് ".

മന്ത്രി കെ. രാജു

ഇനം ... നിലവിലെ വില ... പുതുക്കിയ വില

 ഡബിൾ ടോൺഡ് മിൽക്ക് (മഞ്ഞ കവർ ): 39.00 ..... 43.00
 പാസ്ച്ചുറൈസ്ഡ് ടോൺഡ് മിൽക്ക് (ഇളം നീല കവർ): 40.00 ...... 44.00
 ഹോമോജനൈസ്ഡ് ടോൺഡ് മിൽക്ക് (കടും നീല കവർ) : 42.00 .... 46.00
 പ്രൈഡ് മിൽക്ക് (ഓറഞ്ച് കവർ): 44.00 ..............48.00
 സ്റ്റാൻഡേർഡൈസ്ഡ് മിൽക്ക് (പച്ച കവർ): 44.00 ....... 48.00