ആര്യനാട്: ഡോക്ടർമാരുടെ കുറവ് ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം താളം തെറ്റിക്കുന്നു.ആഴ്ചയിൽ രണ്ട് ദിവസം രാത്രി ഡോക്ടറില്ലാത്ത അവസ്ഥയാണ്.ദിനം പ്രതി ഒ.പിയിൽ ദിവസവും അഞ്ഞൂറിലധികം രോഗികളാണ് എത്തുന്നത്.
പനിയും മറ്റ് അസുഖങ്ങളും വർദ്ധിക്കുന്നതോടെ ഒ.പിയിൽ തിരക്ക് കൂടും.മൂന്ന് ഡോക്ടർമാരാണ് ഒ.പി യിലുള്ളത്.എന്നാൽ രാവിലെ തുടങ്ങുന്ന ഒ.പി വൈകിട്ടുവരെ നീളുന്നതിനാൽ ഇവിടത്തെ ഡോക്ടർമാർക്ക് ഉച്ചഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ പോലും കഴിയില്ല.
എൻ.ആർ.എച്ച്.എം ഡോക്ടർമാർ അവധിയിൽ പ്രവേശിക്കുന്ന ആഴ്ചയിൽ രണ്ട് ദിവസം രാത്രിയിൽ ഡോക്ടറുണ്ടാകില്ല.ഒാണത്തിന് ഒരു ഡോക്ടർ അഞ്ച് ദിവസത്തെ അവധിയിൽ പോകുന്നതോടെ അവസ്ഥ കൂടുതൽ സങ്കീർണമാകും.
എന്നാൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ സി.എച്ച്.സിക്ക് വേണ്ട തസ്തികകൾ സൃഷ്ടിക്കുന്നില്ലന്നും ആക്ഷേപമുണ്ട്.സാധാരണ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ എക്സ് റേ യൂണിറ്റ്, ഇ.സി.ജി എന്നീ സംവിധാനങ്ങൾ ഉണ്ടാകും.എന്നാലിവിടെ ഇതൊന്നുമില്ല. അടിയന്ത സാഹചര്യത്തിൽ പ്രാഥമിക ചികിത്സ നൽകാൻ പോലും ഇവിടത്തെ ഡോക്ടർമാർക്ക് കഴിയുന്നില്ല. അതുപോലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ,ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമ്മാരുടെ സേവനം ലഭ്യമാക്കേണ്ടതുണ്ടെങ്കിലും ആര്യനാട്ടുകാർക്ക് ഇതെല്ലാം അന്യമാണ്.ആശുപത്രിയുടെ വികസനത്തിനായി ആനന്ദേശ്വരത്ത് വാങ്ങിയ വസ്തുവും കാടുമൂടി കിടക്കുകയാണ്.ഇവിടെ എം.എൽ.എ,എം.പി ഫണ്ടുകൾ ഉപയോഗിച്ച് പുതിയ മന്ദിരം യാഥാർത്ഥ്യമാക്കി ഗ്രാമീണ മേഖലയിലെ ആളുകളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.