കഴിഞ്ഞ പ്രളയ ശേഷം 119 ക്വാറികൾക്ക് അനുമതി
തിരുവനന്തപുരം:ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി ക്വാറികൾക്ക് തിടുക്കത്തിൽ പ്രവർത്തനാനുമതി നൽകാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റവന്യു മന്ത്രിയെ ഇരുട്ടത്ത് നിറുത്തി വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ഇക്കാര്യത്തിൽ മുൻകൈയെടുത്തത്.ഇത് സംബന്ധിച്ച ഫയൽ പുറത്തു വിടാൻ സർക്കാർ തയ്യാറാവണം. താൻ ഇതുവരെ ഈ ഫയൽ കണ്ടിട്ടില്ല.സംസ്ഥാനത്ത് 750 അധികൃത ക്വാറികളാണുള്ളത്. അനധികൃത ക്വാറികൾ 6000 ത്തിന് മേൽ വരും.കഴിഞ്ഞ പ്രളയദുരന്തത്തിന് ശേഷം 119 ക്വാറികൾക്കാണ് പിണറായി സർക്കാർ അനുമതി കൊടുത്തത്.തത്വദീക്ഷയില്ലാതെ ക്വാറികൾ അനുവദിച്ചതാണ് കേരളത്തിൽ അടിക്കടിയുള്ള പ്രകൃതി ദുരന്തങ്ങൾക്ക് മുഖ്യകാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.1964 ലെ ഭൂപതിവ് ചട്ടങ്ങളിലെ ചട്ടം നാലിൽ ഭേദഗതി വരുത്തി രണ്ട് ഉപചട്ടങ്ങൾ കൂട്ടിചേർത്താണ് സർക്കാർ ക്വാറിമാഫിയയ്ക്ക് വഴിയൊരുക്കിയത്. 2019 മാർച്ച് 5 ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇതനുസരിച്ച് ഒരു ജിയോജളിസ്റ്റും കൃഷി ഓഫീസറും ജില്ലാ കളക്ടറും ചേർന്നാൽ എവിടെയും ഖനനം നടത്താമെന്ന സ്ഥിതിയായി.
റവന്യൂ മന്ത്രിയുടെ അധികാരത്തിൽപ്പെടുന്ന വിഷയത്തിൽ വ്യവസായ മന്ത്രിയാണ് ഭേദഗതി കൊണ്ടുവന്നത്.ലോക് സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പുറത്തുവരുന്നതിന് മുമ്പ് വളരെ ധൃതി പിടിച്ച് 48 മണിക്കൂറിനുള്ളിൽ ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യത്തിൽ റവന്യുവകുപ്പിന്റെയും സി.പി.ഐയുടെയും നിലപാട് എന്താണ്.?.ക്വാറി ഉടമകൾ ഇതിനായി വൻതോതിൽ പണപ്പിരിവ് നടത്തിയതായി ആക്ഷേപമുണ്ട്.ഈ പണം ആർക്കാണ് കിട്ടിയത്?. ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണം-ചെന്നിത്തല ആവശ്യപ്പെട്ടു.