jail

കാട്ടാക്കട: ജൈവ പച്ചക്കറിയിൽ വിപ്ലവമൊരുക്കി നെട്ടുകാൽത്തേരി തുറന്നജയിൽ. ശക്തമായ മഴയത്ത് ഓണ വിപണിയിൽ പച്ചക്കറികൾക്ക് വിലയേറുമ്പോൾ ആളുകൾക്ക് ന്യായ വിലയിൽ പച്ചക്കറി നൽകാൻ തയാറെടുക്കുകയാണ് നെട്ടുകാൽത്തേരി തുറന്നജയിൽ. ഇതിനായി ഇവിടുത്തെ അന്തേവാസികളും ഉദ്യോഗസ്ഥരും വിപുലമായ തയാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്.

വിപണിയിൽ മുളക്, വെണ്ട, കത്തിരി, പയർ, ചേന, വഴുതന, വിവിധയിനം കിഴങ്ങുവർഗ്ഗങ്ങൾ, മരിച്ചീനി, ഇഞ്ചി തുടങ്ങി വിവിധയിനം ജൈവ പച്ചക്കറിക്കറികളാണ് ഇക്കുറി എത്തുക. പൂർണമായും ജൈവ കൃഷിയായതിനാൽ തുറന്നജയിലിലെ പച്ചക്കറി വാങ്ങാൻ തലസ്ഥാന നഗരിയിൽ നിന്നുപോലും ഇവിടത്തെ വിപണന കേന്ദ്രത്തിൽ എത്താറുണ്ട്.

തുറന്ന ജയിൽ വളപ്പിലെ 50 ഏക്കറോളം സ്ഥലത്താണ് വിവിധയിനത്തിലുള്ള പച്ചക്കറി കൃഷി നടത്തുന്നത്. ഒരാൾ പൊക്കത്തിലേറെയുള്ള പടവലവും പയറുമാണ് ഇക്കുറി ഇവിടത്തെ മുഖ്യന്മാർ. അതുപോലെ ആവശ്യക്കാർക്ക് നൽകാവുന്ന കുള്ളൻ പടവലവും ഇവിടെയുണ്ട്.

അമിതമായ കാലവർഷം ഇക്കൊല്ലത്തെ ജൈവ പച്ചക്കറി കൃഷിയെ കാര്യമായി ബാധിച്ചതായും ഇക്കുറി വൻ വിളവെടുപ്പ് പ്രതീക്ഷിരുന്നിടത്ത് നാലിലൊന്ന് വിളവെടുപ്പേ നടത്താൻ കഴിഞ്ഞിട്ടുള്ളെന്നും ജയിൽ സൂപ്രണ്ട് വിനോദ് കുമാറും അഗ്രിക്കൾച്ചർ ഓഫീസർ അജിത്ത് സിംഗും പറഞ്ഞു.

തലസ്ഥാന നഗരിയിൽ വരെ എത്തുന്ന തുറന്ന ജയിൽ വളപ്പിലെ പച്ചക്കറിയ്ക്ക അന്തേവാസികൾക്ക് പുറമേ ജയിൽ സൂപ്രണ്ട്, അഗ്രിക്കൾച്ചറൽ ഓഫീസർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അകമഴിഞ്ഞ സഹായമാണ് ലഭിക്കുന്നത്.