തിരുവനന്തപുരം : ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 10 മുതൽ 16 വരെ പുതിയ വേദിയായ വെള്ളായണി ഉൾപ്പെടെ 29 വേദികളിലായി നടക്കുന്ന പരിപാടികളിൽ 5000 കലാകാരൻമാർ പങ്കെടുക്കും. നെടുമങ്ങാട് പാർക്കിംഗ് ഗ്രൗണ്ട്, മുടവൂർപാറ ബോട്ട് ക്ലബ് പരിസരം, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല, കഴക്കൂട്ടം, ആറ്റിങ്ങൽ, നെയ്യാറ്റിൻകര മുനിസിപ്പൽ ഗ്രൗണ്ട്, കോട്ടയ്ക്കകം ശ്രീ ചിത്തിര തിരുനാൾ പാർക്ക്, ആക്കുളം എന്നിവിടങ്ങളിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പുതിയ വേദിയായ വെള്ളായണി പഞ്ചവാദ്യം, ഗാനമേള, ചരിത്ര നാടകം, കഥാപ്രസംഗം, വിൽപ്പാട്ട്, കളരിപ്പയറ്റ്, നാടൻപാട്ട് എന്നിവയ്ക്ക് വേദിയാകും. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഊഞ്ഞാലുകൾ ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കുള്ള അത്തപ്പൂക്കള മത്സരവും തിരുവാതിരക്കളി മത്സരവും സംഘടിപ്പിക്കും. അത്തപ്പൂക്കള മത്സരത്തിന് സെന്റ് ജോസഫ് സ്‌കൂൾ വേദിയാകും. തിരുവാതിരക്കളി ഭാരത് ഭവനിൽ നടക്കും. 16ന് വൈകിട്ട് അഞ്ചിന് വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയുള്ള വർണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് സമാപനമാകും.
തിങ്കളാഴ്ച മുതൽ നഗരം ദീപാലങ്കൃതം
ഓണത്തിന്റെ വരവ് അറിയിച്ച് നാളെ വൈകിട്ട് ആറിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കനകക്കുന്നിൽ ഓണപ്പതാക ഉയർത്തും. സൂര്യകാന്തിയിൽ ഒരുക്കുന്ന വ്യാപാരമേളയുടെ ഉദ്ഘാടനവും അന്ന് വൈകിട്ട് 3.30ന് ഓണാഘോഷ കമ്മിറ്റി വർക്കിംഗ് ചെയർമാൻ സി. ദിവാകരൻ എംഎൽഎ നിർവഹിക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ നഗരം ദീപാലങ്കൃതമാകും. വൈകിട്ട് ആറിന് ഇല്യൂമിനേഷൻ കമ്മിറ്റി ചെയർമാൻ സി.കെ. ഹരീന്ദ്രൻ എം.എൽ.എ വൈദ്യുത ദീപാലങ്കാരങ്ങൾ സ്വിച്ചോൺ ചെയ്യും. തുടർന്ന് ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ കെ.എസ്. ശബരീനാഥൻ എം.എൽ.എ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും.