തിരുവനന്തപുരം : സാധാരണക്കാർക്കുപോലും വിദ്യാഭ്യാസം നേടാൻ സഹായകമായത് ആദ്യ ഇ.എം.എസ് സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെ തുടർന്നാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ സഹകരണസംഘം ജീവനക്കാരുടെ മക്കൾക്ക് കാഷ് അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ ചരിത്രത്തിലെ ഏറ്റവുമധികം തുക ചെലവഴിച്ച് സംരക്ഷണ യജ്ഞം നടപ്പാക്കിയത് പിണറായി സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ കെ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഡി. കൃഷ്ണകുമാർ, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി വി.എ. രമേശൻ, വി.എം. അനിൽകുമാർ, കെ.എൻ. നാരായണൻ, കെ.പി. വത്സലൻ എം. എ. ഹാരിസ് ബാബു തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബി.ടെക് , ബി.എസ്സി നഴ്‌സിംഗ്, എം.ബി.ബി.എസ്, എം.ടെക് എന്നീ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കും സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും സംസ്ഥാന ദേശീയ തലത്തിൽ കായിക മത്സരങ്ങളിലും മികവ് നേടിയവർക്കുമാണ് കാഷ് അവാർഡുകൾ വിതരണം ചെയ്തത്.