കിളിമാനൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനസിക പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത പ്രവാസിയുടെ നിർദ്ധന കുടുംബത്തിന് താങ്ങായി കെ. എം. ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി. സൊസൈറ്റിയുടെ കാരുണ്യഭവനപദ്ധതിയിലെ രണ്ടാമത്തെ വീടായാണ് പള്ളിക്കൽ പൈവേലിയിൽ ഷീജാ മോൾക്കും പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികൾക്കുമായി പ്രതീക്ഷ എന്ന പേരിൽ വീടൊരുങ്ങുന്നത്.
ദീർഘകാലം പ്രവാസിയായിരുന്നു ഷീജാമോളുടെ ഭർത്താവ് അനിൽകുമാർ. ഒരു ചെറിയവീട് വച്ച് കുടുംബത്തോടൊപ്പം ജീവിക്കാമെന്ന മോഹവുമായി നാട്ടിലെത്തിയ അനിൽകുമാർ പണമിടപാടുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുടെ മാനസിക പീഡനം സഹിക്കവയ്യാതെ മരണത്തിൽ അഭയം തേടുകയായിരുന്നു. ഇതോടെ വീടെന്നത് നിർദ്ധനകുടുംബത്തിന് സ്വപ്നമായി അവശേഷിക്കവേയാണ് കെ. എം ജയദേവൻ മാസ്റ്റർ സൊസൈറ്റി സഹായഹസ്തവുമായി എത്തിയത്. സൊസൈറ്റിയുടെ നേതൃത്വത്തിൽ 600 ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറികൾ, ശൗചാലയം, ഹാൾ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള വീടായാണ് പ്രതീക്ഷ ഉയരുന്നത്.
പ്രതീക്ഷയുടെ കട്ടളവയ്ക്കൽ ചടങ്ങ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. മടവൂർ അനിൽ നിർവഹിച്ചു. സെക്രട്ടറി എം.ഷാജഹാൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ എം .എ റഹിം, കൺവീനർ നഹാസ്, സി .പി..എം ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം, പഞ്ചായത്ത് പ്രസിഡന്റ് അടക്കൂർ ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബേബിസുധ, നസീർ വഹാബ്, പ്രസന്ന ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു.