തിരുവനന്തപുരം: ഹൈടെക്ക് ക്രമക്കേട് കാട്ടി പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ 'റാങ്കുകാരായ' ശിവരഞ്ജിത്തിനെയും നസീമിനെയും വീണ്ടും പരീക്ഷ എഴുതിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ചോർത്തിയ ചോദ്യപേപ്പറോ സമാനമായ നിലവാരത്തിലുള്ള മറ്റ് ചോദ്യപേപ്പറുകളോ ഉപയോഗിച്ച് പരീക്ഷ നടത്താനാണ് ആലോചന. കോടതിയുടെ അനുമതി ലഭിച്ചാലേ അന്തിമ തീരുമാനമുണ്ടാവൂ
കോൺസ്റ്റബിൾ പരീക്ഷയിൽ ശിവരഞ്ജിത്തിന് ഒന്നും നസീമിന് 28ഉം റാങ്കായിരുന്നു. ചോർത്തിയ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ ജയിലിൽ വച്ച് ഇവരോട് ചോദിച്ചപ്പോൾ ഉത്തരങ്ങൾ നൽകാനായില്ല. രണ്ടാം റാങ്കുകാരൻ പ്രണവിനെ അറസ്റ്റ് ചെയ്ത ശേഷം അയാൾക്കും പരീക്ഷ നടത്തും.
പരീക്ഷാതട്ടിപ്പിന് സൗകര്യം ചെയ്ത കൂടുതൽ പേർ കേസിൽ പ്രതികളാവുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. നസീമിനെയും ശിവരഞ്ജിത്തിനെയും ജയിലിൽ സന്ദർശിച്ചവരുടെ വിവരങ്ങൾ ജയിൽ അധികൃതരോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഇവരുടെ പങ്ക് വിശദമായി അന്വേഷിക്കും. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പല പേജുകളായാണ് ചോദ്യപേപ്പർ പുറത്തെത്തിച്ചതെന്ന് ഉത്തരങ്ങളയച്ച പൊലീസുകാരൻ ഗോകുൽ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്. പ്രണവ് ഏർപ്പാടാക്കിയ ഒരു യുവാവാണ് ചോദ്യപേപ്പർ കൊണ്ടുവന്നത് എന്നല്ലാതെ, എത്തിച്ചയാളുടെ വിവരങ്ങൾ ഗോകുൽ വെളിപ്പെടുത്തിയിട്ടില്ല. ഗോകുലും സഫീറും ചേർന്ന് ഇന്റർനെറ്റിൽ നിന്ന് കണ്ടെത്തിയ ഉത്തരങ്ങൾ എസ്.എം.എസായി അയയ്ക്കുകയായിരുന്നു. കുറേ ഉത്തരങ്ങൾ തനിക്ക് അറിയാമായിരുന്നെന്നും ഗോകുൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ഉത്തരങ്ങൾ അയയ്ക്കാനുപയോഗിച്ച രണ്ട് സിം കാർഡുകൾ ഗോകുലിന്റെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്തു. പൊലീസ് പിടിച്ചാൽ എന്തൊക്കെ പറയണം, ഫോണുകളടക്കമുള്ള തെളിവുകൾ എങ്ങനെ നശിപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ എഴുതിയ പേപ്പറിലാണ് സിംകാർഡുകൾ പൊതിഞ്ഞിരുന്നത്.
ഉത്തരങ്ങളടങ്ങിയ എസ്.എം.എസുകൾ സ്വീകരിക്കാൻ രണ്ടു സ്‌മാർട്ട് വാച്ചുകൾ പ്രണവ് വാങ്ങിയെന്നാണ് നസീമിന്റെ മൊഴി. തന്റെ പക്കൽ നേരത്തേ സ്‌മാർട്ട് വാച്ചുണ്ടായിരുന്നെന്നാണ് ശിവരഞ്ജിത്തിന്റെ മൊഴി. ഇതുവരെ ഒരു ഫോണോ സ്‌മാർട്ട് വാച്ചോ കണ്ടെടുക്കാനാവാത്തത് ക്രൈംബ്രാഞ്ചിനെ കുഴക്കുന്നു. ഇവയിലേതെങ്കിലുമൊന്ന് കണ്ടെടുത്താലേ സൈബർ ഫോറൻസിക് പരിശോധനയിലൂടെ എസ്.എം.എസുകൾ വീണ്ടെടുക്കാനാവൂ.
അതിനിടെ, ശിവരഞ്ജിത്തിന്റെയും നസീമിന്റെയും ജാമ്യാപേക്ഷ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി വീണ്ടും തള്ളി. പ്രണവ് ഇടുക്കിയിൽ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ചിനുള്ള വിവരം. ഇന്നലെ പ്രണവ് കീഴടങ്ങുമെന്ന വിവരത്തെ തുടർന്ന് വഞ്ചിയൂർ കോടതി പരിസരത്ത് ക്രൈംബ്രാഞ്ച് നിലയുറപ്പിച്ചിരുന്നു. ഫോൺ ഉപേക്ഷിച്ച് ഒളിവിൽ കഴിയുകയാണ് കൂട്ടുപ്രതി സഫീർ. ബന്ധുക്കളെപ്പോലും ഇയാൾ ഫോണിൽ വിളിക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി. സഫീർ ഉൾപ്പെട്ട ഫയർമാൻ റാങ്ക് ലിസ്റ്റിന്റെ വിവരങ്ങൾ പി.എസ്.സിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ശിവരഞ്ജിത്തും നസീമും പ്രണവും പി.എസ്.സിയുടെ മറ്റ് പരീക്ഷകൾ എഴുതിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.