തിരുവനന്തപുരം: ആഗസ്റ്റ് 30ന് സമാപിച്ച അംഗത്വപ്രചരണയജ്ഞത്തിന്റെ ആദ്യഘട്ടത്തിൽ 10 ലക്ഷത്തിലേറെപ്പേർ ബി.ജെ.പി അംഗങ്ങളായതായി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള പ്രസ്താവനയിൽ അറിയിച്ചു. ഇവരിൽ ഒരു ലക്ഷത്തോളം പേർ പാർട്ടി പ്രവർത്തകർ സമീപിക്കാതെ അംഗത്വം സ്വീകരിച്ചവരാണ്. ആറേകാൽ ലക്ഷം പേർ 'മിസ്ഡ് കാൾ' വഴിയും നാല് ലക്ഷം പേർ അംഗത്വ ഫോറങ്ങൾ പൂരിപ്പിച്ച് നൽകിയും അംഗങ്ങളായി. കേരളത്തിൽ ബി.ജെ.പി ആകെ അംഗസംഖ്യ 25 ലക്ഷം കവിഞ്ഞു .
മതന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങളിൽപ്പെട്ടവരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. മുസ്ലിം ലീഗിന്റെ സ്ഥാപകനേതാവ് ബാഫഖി തങ്ങളുടെ ചെറുമകൻ, കോഴിക്കോട് സർവകലാശാലയുടെ മുൻ വൈസ്ചാൻസലർ, മുൻരജിസ്ട്രാർ, സാംസ്കാരിക നായകർ, സാഹിത്യകാരന്മാർ, ചലച്ചിത്ര പ്രതിഭകൾ, കലാരംഗത്ത് വ്യക്തിമുദ്റ പതിപ്പിച്ചവർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുംപെട്ടവർ അംഗത്വമെടുത്തു. ബി.ജെ.പിയിൽ ചേർന്നവരിൽ മിക്കവരും കോൺഗ്രസിന്റെയോ സി.പി.എമ്മിന്റെയോ സജീവപ്രവർത്തകരായിരുന്നു എന്നതും ശ്രദ്ധേയമാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് ബി.ജെപി.യിലേക്കെത്തിയവരുടെ ലിസ്റ്റും പ്രമുഖ ന്യൂനപക്ഷങ്ങളുടെ ലിസ്റ്റും പ്രസിദ്ധീകരിക്കുമെന്ന് പിള്ള വ്യക്തമാക്കി.