തിരുവനന്തപുരം: സംസ്ഥാനത്തെ പാറക്വാറികളിൽ വിജിലൻസ് സംഘം നടത്തിയ ഓപ്പറേഷൻ ഹണ്ട് എന്ന മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. മിക്കയിടത്തും നിബന്ധനകൾ കാറ്റിൽ പറത്തിയാണ് പാറ പൊട്ടിച്ചിരുന്നത്.
മലപ്പുറം മേൽമുറിയിലെ പാറമട നിബന്ധനകൾ ഒന്നും പാലിക്കുന്നില്ല. ചേലക്കാട്ടെ പാറമടയിൽ നിന്ന് കൂറ്റൻ കല്ലുകൾ പൊട്ടിച്ചു കൊണ്ടുപോകുന്നതായും പ്രദേശം വേലികെട്ടി തിരിച്ചിട്ടില്ലെന്നും വനത്തിനോട് ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. കൊണ്ടോട്ടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പാറമടയിൽ നിന്ന് മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. പെരിന്തൽമണ്ണ വെട്ടന്നൂരിൽ ജിയോളജി വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ അനുമതിയില്ലാതെ മൂന്ന് പാറമടകളാണ് പ്രവർത്തിച്ചിരുന്നത്.
എറണാകുളം തിരുവാണിയൂരിലെ പാറമടയിൽ അഞ്ചു മീറ്ററിൽ കൂടുതൽ ആഴത്തിൽ പാറകൾ പൊട്ടിക്കുന്നതായും പത്തനംതിട്ട ഏനാദിമംഗലത്തെ ക്വാറിയിൽ 40 അടിയോളം താഴ്ചയിൽ തൊഴിലാളികൾ സുരക്ഷാകവചം ധരിക്കാതെ ഖനനം നടത്തുന്നതായും കണ്ടെത്തി. ഇവിടെ ലാഭത്തിന്റെ ഒരു ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നില്ലെന്നും കോന്നി, അയിരവൺ, അടുക്കാട് എന്നിവിടങ്ങളിലെ പാറമടകൾ അനധികൃതമായിട്ടാണെന്നും വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരത്ത് അരുവിക്കരയിലെ പാറമടയിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത് ലൈസൻസ് ഇല്ലാതെയാണെന്നും അനുമതി നൽകിയതിൽ കൂടുതൽ പ്രദേശത്തു ഖനനം നടത്തുന്നതായും കണ്ടെത്തി. ഇവിടെ ഖനനം ചെയ്യുന്ന പാറയുടെ അളവ് അറിയാൻ സാധിക്കാത്ത വിധം ക്വാറി പ്രവർത്തിക്കുകയായിരുന്നു.
വട്ടപ്പാറയിലും ഖനനം ചെയ്യുന്ന പാറയുടെ കണക്ക് അറിയാനാകാത്തവിധമാണ് പ്രവർത്തിച്ചിരുന്നത്. കാട്ടായിക്കോണത്തിനടുത്തു കുളപ്പാറയിലെ ക്വാറി അനധികൃതമാണെന്ന് കണ്ടെത്തി. കോട്ടയം ജിയോളജി ഓഫീസിൽ നടത്തിയ അന്വേഷണത്തിൽ ഖനനത്തിനായി അനുമതി നൽകിയ ഏഴു ഫയലുകളും ഡീലേഴ്‌സ് ലൈസൻസും കൂടുതൽ അന്വേഷണത്തിനായി വിജിലൻസ് പിടിച്ചെടുത്തു. വിജിലൻസ് ഡയറക്ടർ അനിൽകാന്തിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥരും ചേർന്നാണ് മിന്നൽ പരിശോധന നടത്തിയത്.