തിരുവനന്തപുരം: ചന്ദ്രന്റെ മണ്ണിൽ ഇന്ത്യ ചരിത്രം കുറിക്കുന്ന മുഹൂർത്തത്തിന് ലോകം കാതോർത്തു നിൽക്കവേ ബഹിരാകാശ ഗവേഷണത്തിലും ചാന്ദ്രപര്യവേക്ഷണത്തിലും അപൂർവമായ ഒരു നേട്ടത്തിലേക്ക് ചന്ദ്രയാൻ -2 ദൗത്യത്തിലെ 'വിക്രം' ലാൻഡർ പ്രയാണം തുടങ്ങി.
ഇന്നലെ പുലർച്ചെ 1.55നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി പ്രജ്ഞാൻ എന്ന റോവറിനെയും വഹിച്ചുകൊണ്ട് ലാൻഡർ അവസാന ലാപ്പിലെ യാത്ര തുടങ്ങിയത്.
ചന്ദ്രന്റെ ഗുരുത്വാകർഷണത്തെ അതിജീവിച്ച്, ഒരു നവജാതശിശുവിനെ കിടത്തുന്നത്ര ശ്രദ്ധയോടെ ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ്ലാൻഡ് ചെയ്യിക്കാനുള്ള തപസ്യയിലായിരുന്നു ഇന്നലെ രാത്രി ശാസ്‌ത്രജ്ഞർ. ഐ.എസ്.ആർ.ഒയുടെ ബാംഗ്ളൂർ ഇസ്ട്രാക്കിലെയും മിഷൻ കൺട്രോൾ ഫെസിലിറ്റിയിലെയും ഇരുനൂറോളം ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധർക്ക് അത് ഉൾക്കിടിലത്തിന്റെ നിമിഷങ്ങളായിരുന്നു. അതീവ സങ്കീർണമായ സാങ്കേതിക പ്രക്രിയകളുടെ കാൽമണിക്കൂറാണ് ലാൻഡറിന് കടന്നു പോകേണ്ടിയിരുന്നത്. ഇൗ കടമ്പ കടന്നിട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖല അരിച്ചുപെറുക്കാനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും. തുടക്കത്തിൽ ലാൻഡറിലെ അഞ്ച് ത്രസ്റ്ററുകൾ ജ്വലിപ്പിച്ചു. ഈ മോട്ടോറുകളുടെ ജ്വലനമാണ് ലാൻഡറിനെ ചന്ദ്രന്റെ ഗുരുത്വ ബലത്തെ അതിജീവിക്കാൻ പ്രാപ്തമാക്കുന്നത്.
ചന്ദ്രനെ തൊട്ടറിയാനുള്ള ശാസ്‌ത്ര പരീക്ഷണങ്ങൾക്ക് സജ്ജമാക്കിയാണ് ഓർബിറ്റർ - ലാൻഡർ - റോവർ ത്രയത്തെ ഐ.എസ്.ആർ.ഒ തൊടുത്തുവിട്ടത്. സെപ്തംബർ രണ്ടിന് ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ മുകളിലെത്തി. പിന്നാലെ പേടകത്തിൽ നിന്ന് വിക്രം ലാൻഡർ സ്വതന്ത്രമായി ചന്ദ്രനിലേക്ക് കൂടുതൽ കൂടുതൽ അടുത്തെങ്കിലും ഇതിലെ ഉപകരണങ്ങളൊന്നും പ്രവർത്തിപ്പിച്ചു തുടങ്ങിയിരുന്നില്ല. ലാൻഡറിനെ ചന്ദ്രനിലേക്ക് വിട്ട ചന്ദ്രയാൻ 2 പേടകം ഇപ്പോൾ ഒാർബിറ്ററായി ചന്ദ്രന്റെ 94 കിലോമീറ്റർ മുകളിൽ ചുറ്റുകയാണ്. വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്നതോടെ തുടർന്നുള്ള പതിന്നാല് ദിനരാത്രങ്ങൾ ഭൂമിയിൽ ചന്ദ്രോത്സവമായിരിക്കും.അമേരിക്കയും റഷ്യയും ചെെനയും ചന്ദ്രനിലിറങ്ങിയിട്ടുണ്ട്. അമേരിക്ക 50 കൊല്ലം മുൻപ് മനുഷ്യരെ ചന്ദ്രന്റെ മണ്ണിലിറക്കി. എന്നാൽ മനുഷ്യന്റെ ശാസ്ത്രഅറിവുകളും ഉപകരണങ്ങളുടെ മേൻമയും വർദ്ധിച്ച പുതിയ യുഗത്തിൽ ഇന്ത്യയുടെ ചാന്ദ്രപര്യവേഷണത്തിനും കിട്ടുന്ന വസ്തുതകൾക്കും പ്രാധാന്യമേറെയാണ്. അത് മനസിലാക്കി ഇന്ത്യൻ ശാസ്ത്രജ്ഞർ മാത്രമല്ല അമേരിക്കയുടെ നാസയിലെയും ചെെനയിലെയും റഷ്യയിലെയും ശാസ്ത്രസമൂഹവും ഇന്ത്യൻ ദൗത്യത്തെ ഉറ്റുനോക്കുകയാണ്. അവർക്കും ഇന്നലെ പുലർച്ചെ ഉദ്വേഗനിമിഷങ്ങളായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതാക്കളും ശാസ്ത്രസമൂഹവും ഇന്നലെ ഒന്നടങ്കം ബംഗളൂരുവിൽ എത്തിയിരുന്നു.