chandrayaan-2

തിരുവനന്തപുരം: ചന്ദ്രന്റെ മണ്ണിൽ ചരിത്രം കുറിക്കുന്ന മുഹൂർത്തത്തിന് കാത്തുനിന്ന രാജ്യത്തെ ജനങ്ങളെ നിരാശയിലാഴ്ത്തി ചന്ദ്രയാൻ -2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടു.ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വച്ച് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്നൽബന്ധം നഷ്ടപ്പെട്ടു. റഫ് ബ്രേക്കിംഗിന് ശേഷം ഫൈൻ ലാൻഡിങ്ങിനിടെ സാങ്കേതികപ്രശ്‌നങ്ങൾ അഭിമുഖീകരിച്ചതോടെയാണ് ലാൻഡിംഗ് പ്രക്രിയ തടസപ്പെട്ടത്.

ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബംഗളൂരുവിലെ പീനിയ ഐ.എസ്.ആർ.ഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെ(ഇസ്ട്രാക്) മിഷൻ കോംപ്ലക്സിന് ലാൻഡറുമായുള്ള ബന്ധം നഷ്ടമായതായി ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ അറിയിച്ചു. വിവരങ്ങൾക്കായി കാത്തിരിപ്പ് തുടരുകയാണ്.

നാലു ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള ചന്ദ്രയാൻ 2 ദൗത്യത്തിലെ സന്ദേശങ്ങൾ സെക്കൻഡുകൾക്കുള്ളിലാണ് ഇസ്റോയുടെ ഈ കേന്ദ്രം വിലയിരുത്തി തുടർനിർദ്ദേശങ്ങൾ നൽകിവന്നത്. ഇതിനിടെയാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്.

ഇന്നലെ പുലർച്ചെ 1.55നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി പ്രജ്ഞാൻ എന്ന റോവറിനെയും വഹിച്ചുകൊണ്ട് ലാൻഡർ അവസാന ലാപ്പിലെ യാത്ര തുടങ്ങിയത്.

പല ഷിഫ്റ്റുകളിലായി ഇസ്ട്രാക്കിൽ രാപകൽ ഇമചിമ്മാതെ പ്രവർത്തിക്കുന്ന ഇരുന്നൂറോളം ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ പ്രശ്നോത്തരിയിലൂടെ തിരഞ്ഞെടുത്ത 70 വിദ്യാർത്ഥികളും ദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

ചന്ദ്രന്റെ ഗുരുത്വാകർഷണത്തെ അതിജീവിച്ച്, ഒരു നവജാതശിശുവിനെ കിടത്തുന്നത്ര ശ്രദ്ധയോടെ ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ്ലാൻഡ് ചെയ്യിക്കാനുള്ള തപസ്യയിലായിരുന്നു ഇന്നലെ രാത്രി ശാസ്‌ത്രജ്ഞർ.

അതീവ സങ്കീർണമായ സാങ്കേതിക പ്രക്രിയകളുടെ കാൽമണിക്കൂറാണ് ലാൻഡറിന് കടന്നു പോകേണ്ടിയിരുന്നത്. ഈ ഘട്ടത്തിലാണ് ദൗത്യം പരാജയപ്പെട്ടത്.

ഇൗ കടമ്പ കടന്നിട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖല അരിച്ചുപെറുക്കാനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും.

ചന്ദ്രനെ തൊട്ടറിയാനുള്ള ശാസ്‌ത്ര പരീക്ഷണങ്ങൾക്ക് സജ്ജമാക്കിയാണ് ഓർബിറ്റർ - ലാൻഡർ - റോവർ ത്രയത്തെ ഐ.എസ്.ആർ.ഒ തൊടുത്തുവിട്ടത്. സെപ്തംബർ രണ്ടിന് ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ മുകളിലെത്തി. പിന്നാലെ പേടകത്തിൽ നിന്ന് വിക്രം ലാൻഡർ സ്വതന്ത്രമായി ചന്ദ്രനിലേക്ക് കൂടുതൽ കൂടുതൽ അടുത്തെങ്കിലും ഇതിലെ ഉപകരണങ്ങളൊന്നും പ്രവർത്തിപ്പിച്ചു തുടങ്ങിയിരുന്നില്ല. ലാൻഡറിനെ ചന്ദ്രനിലേക്ക് വിട്ട ചന്ദ്രയാൻ 2 പേടകം ഇപ്പോൾ ഒാർബിറ്ററായി ചന്ദ്രന്റെ 94 കിലോമീറ്റർ മുകളിൽ ചുറ്റുകയാണ്

.

അമേരിക്കയും റഷ്യയും ചെെനയും ചന്ദ്രനിലിറങ്ങിയിട്ടുണ്ട്. അമേരിക്ക 50 കൊല്ലം മുൻപ് മനുഷ്യരെ ചന്ദ്രന്റെ മണ്ണിലിറക്കി. എന്നാൽ മനുഷ്യന്റെ ശാസ്ത്രഅറിവുകളും ഉപകരണങ്ങളുടെ മേൻമയും വർദ്ധിച്ച പുതിയ യുഗത്തിൽ ഇന്ത്യയുടെ ചാന്ദ്രപര്യവേഷണത്തിനും കിട്ടുന്ന വസ്തുതകൾക്കും പ്രാധാന്യമേറെയാണ്. അത് മനസിലാക്കി ഇന്ത്യൻ ശാസ്ത്രജ്ഞർ മാത്രമല്ല അമേരിക്കയുടെ നാസയിലെയും ചെെനയിലെയും റഷ്യയിലെയും ശാസ്ത്രസമൂഹവും ഇന്ത്യൻ ദൗത്യത്തെ ഉറ്റുനോക്കുകയാണ്. അവർക്കും ഇന്നലെ പുലർച്ചെ ഉദ്വേഗനിമിഷങ്ങളായിരുന്നു.