തിരുവനന്തപുരം: കേരളത്തിന്റെ 22-ാമത് ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്റി പിണറായി വിജയൻ സന്നിഹിതനായിരുന്നു.
ആരിഫ് മുഹമ്മദ് ഖാനെ ഗവർണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി ടോം ജോസ് വായിച്ചതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. ഗവർണറുടെ പത്നി രേഷ്മാ ആരിഫും വേദിയിൽ സന്നിഹിതയായിരുന്നു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്റിമാരായ എ.കെ. ബാലൻ, ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, എം.എം. മണി, കെ.കെ. ശൈലജ , ജെ. മേഴ്സിക്കുട്ടി അമ്മ, കെ. രാജു, കെ.ടി. ജലീൽ, ടി.പി. രാമകൃഷ്ണൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മേയർ വി.കെ. പ്രശാന്ത്, എം.എൽ.എമാർ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, സതേൺ എയർ കമാന്റ് എയർ ഓഫീസർ ഇൻ ചാർജ് എയർ മാർഷൽ ബി. സുരേഷ്, പാങ്ങോട് സൈനിക ക്യാമ്പ് സ്റ്റേഷൻ കമൻഡാന്റ് ബ്രിഗേഡിയർ സി.ജി. അരുൺ, അഡി. ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ടി.കെ. ജോസ്, ആശാ തോമസ്, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, സെക്രട്ടറിമാരായ പി. വേണുഗോപാൽ, ഡോ. ഷർമിള മേരി ജോസഫ്, പി.ആർ.ഡി ഡയറക്ടർ യു.വി. ജോസ്, വിവിധ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മുഖ്യമന്ത്റിയുടെ പത്നി കമല, സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. ഗവർണറുടെ മക്കളായ മുസ്തഫ ആരിഫ്, കബീർ ആരിഫ്, മരുമകൾ ഉസ്മ ഷഗുഫ ആരിഫ്, ചെറുമകൻ ഇഷാൻ റാഹം ആരിഫ്, ബന്ധുക്കൾ എന്നിവരും ചടങ്ങിനെത്തിയിരുന്നു.