അയൽ സംസ്ഥാനങ്ങൾ തള്ളിയ തീരുമാനം കേരള സർക്കാർ നടപ്പിലാക്കി
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പേരിലുള്ള പിഴത്തുക പത്തിരട്ടി വരെ കൂട്ടിയ കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രതിഷേധസ്വരം പോലും ഉയർത്താതെ കേരളത്തിലും അതേപടി നടപ്പിലാക്കിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധം ശക്തം.
ദക്ഷിണേന്ത്യയിൽ ബി.ജെ.പി സർക്കാർ ഭരിക്കുന്ന കർണാടക മാത്രമാണ് പിഴ കൂട്ടൽ നാമമാത്രമായെങ്കിലും അംഗീകരിച്ചത്. നിയമം ലംഘിക്കുന്നവർക്ക് താരതമ്യേന കുറഞ്ഞ പിഴ വർദ്ധന മാത്രം. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന സർക്കാരുകളൊന്നും ജനങ്ങളുടെ പോക്കറ്റടിക്കുന്ന തീരുമാനം നടപ്പിലാക്കിയിട്ടില്ല. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും നിയമം നടപ്പിലാക്കിയിട്ടില്ല. എന്നാൽ തൊട്ടതിനെല്ലാം കേന്ദ്രത്തെ കുറ്റം പറയുന്ന കേരള സർക്കാർ,. കേന്ദ്രം നിർദേശിച്ച കൂറ്റൻ പിഴ സെപ്തംബർ ഒന്നിനു തന്നെ ഈടാക്കിത്തുടങ്ങി. പിഴ അതേപടി ഈടാക്കുമെന്ന് ഗതാഗതമന്ത്രി വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഇതിന് എല്ലായിടത്തും മോട്ടോർ വാഹന വകുപ്പ് ജീവനക്കാരെ നിയോഗിച്ചു..വരുമാനത്തിൽ വൻ വർദ്ധനയ്ക്കുള്ള സുവർണാവസരമെന്ന് രഹസ്യ നിർദേശവും നൽകി. കൈയ്യിൽ കിട്ടിയവരെയെല്ലാം ഉദ്യോഗസ്ഥർ പിടിച്ച് പിഴ ചുമത്തി. പിഴത്തുകയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ചെറിയ നിയമലംഘനത്തിന് പോലും പിഴയടയ്ക്കാൻ വകയില്ലാതെ ഉദ്യോഗസ്ഥർക്കു മുമ്പിൽ തൊഴുതു നിൽക്കുകയാണ് ജനങ്ങൾ. .
സംസ്ഥാനങ്ങൾ
ബാദ്ധ്യസ്ഥമല്ല
പിഴത്തുക നിലവിലുള്ളതിന്റെ പത്തിരട്ടിയും അതിലേറെയും വർദ്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി അതേ പടി അംഗീകരിച്ച് നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് ബാദ്ധ്യതയില്ല.
അക്കാര്യം കേന്ദ്ര ഉത്തരവിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങൾക്ക് അവിടത്തെ സാഹചര്യങ്ങൾക്കനുസരിച്ച് പിഴ വർദ്ധന നടപ്പാക്കാതിരിക്കുകയോ, നടപ്പാക്കൽ നീട്ടിവയ്ക്കുകയോ ചെയ്യാം.പിഴ വർദ്ധനയെപ്പറ്റി പഠിക്കാൻ തെലങ്കാന സർക്കാർ ഒരു കമ്മിഷനെ വച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മറ്ര് പല സംസ്ഥാനങ്ങളും ഭീമമായ പിഴ വർദ്ധന വേണ്ടെന്ന നിലപാടിലാണ്. കേരളമാകട്ടെ,കണ്ണുമടച്ച് അതേപടി നടപ്പിലാക്കി.
അമിതഭാരം: ലോറിക്ക്
പിഴ 62,000 രൂപ.
തിരുനെൽവേലിയിൽ നിന്നു പാറ കയറ്റിയെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ ലോറി അമിതഭാരം കയറ്റിയതിന് അമരവിളയിൽ മോട്ടർവാഹന വകുപ്പ് പിടികൂടി ചുമത്തിയ പിഴ 62,000 രൂപ.നേരത്തേ ഇത് 2000 രൂപയായിരുന്നു.
പുതിയ നിയമ പ്രകാരം അധികഭാരം കയറ്റിയാൽ 20,000 രൂപയാണ് കുറഞ്ഞ പിഴ. അധികമുള്ള ഓരോ ടണ്ണിനും 2000 രൂപ വീതം നൽകണം. പിടിയിലായ ലോറിയിൽ 21 ടൺ ആയിരുന്നു അധികഭാരം. അതിനുള്ള 42,000 രൂപയും ചേർത്താണ് 62,000 രൂപ . പിഴത്തുക കൂടുമ്പോൾ അതിന്റെ ഭാരം സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കും.