bus

തിരുവനന്തപുരം: ബലൂണുകൾ, തോരണങ്ങൾ എന്നിവയാൽ അലങ്കൃതമായാണ് കെ.എസ്.ആർ.ടി.സിയുടെ ഈ ഫാസ്റ്റ് പാസഞ്ചർ ഇന്നലെ ഓടിയത്. കയറിയാൽ സീറ്റ് പിടിക്കാനുള്ള തത്രപ്പാടിലായിരുന്നില്ല, ബസ് അലങ്കരിച്ചൊരുക്കാനുള്ള ഉത്സാഹത്തിലായിരുന്നു യാത്രക്കാരെല്ലാവരും.

കിളിമാനൂർ ഡിപ്പോയിലെ സെക്രട്ടേറിയറ്റ് ബസെന്ന് വിളിപ്പേരുള്ള ഫാസ്റ്റ് പാസഞ്ചറാണ് വേറിട്ട ഓണാഘോഷത്തിന് വേദിയായത്. സ്ഥിരം യാത്രക്കാരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 'ഓടുന്ന ബസിൽ ഒരോണം' എന്ന തലവാചകത്തിലായിരുന്നു ആഘോഷ പരിപാടികൾ. ഓയൂരിൽ നിന്ന് രാവിലെ പുറപ്പെട്ടപ്പോൾ തന്നെ ജീവനക്കാർ ബസിന്റെ മുൻഭാഗം അലങ്കരിച്ചിരുന്നു. തുടർന്ന് ഓരോ സ്റ്റോപ്പിൽ നിന്ന് യാത്രക്കാർ കയറിത്തുടങ്ങിയതോടെ ബസിനുള്ളിലെ 'ആഘോഷക്കമ്മിറ്റി'യിൽ ആളും ആവേശവും കൂടി. ഉത്സവാരവത്തോടെയായിരുന്നു ബസിനുൾവശം അണിയിച്ചൊരുക്കു ജോലികൾ.. വർണബലൂണുകൾ വീർപ്പിക്കലും ഓണാശംസ സ്റ്റിക്കർ പതിക്കലുമെല്ലാം തകൃതിയായി. പതിവ് യാത്രക്കാരല്ലാത്തവർ ആദ്യം അമ്പരന്നെങ്കിലും കാര്യം മനസിലായതോടെ ആഘോഷത്തിൽ അവരും സജീവമായി. സമയം തെറ്റാതെ യാത്രക്കാരെ ഓഫീസുകളിലെത്തിക്കുന്ന കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്കുള്ള ഓണസമ്മാനം നൽകൽ ചടങ്ങായിരുന്നു പിന്നീട്. സ്ഥിരമായി ഊഴം മാറി എത്തുന്ന പത്ത് പേർക്കാണ് ഓണക്കോടി സമ്മാനിച്ചത്.
പിന്നാലെ യാത്രക്കാർക്കെല്ലാം ഓണ സമ്മാനമായി പ്രകൃതി സൗഹൃദ വിത്ത് പേനയും (സീഡ് പെൻ) നൽകി. മധുരവിതരണവും ബസിനുള്ളിൽ നടന്നു. സ്ഥിരം യാത്രക്കാർ ഏറെയുള്ളതിനാൽ ബസ് എവിടെയെത്തി, സീറ്റ് ലഭ്യത എന്നിവ കൈമാറുന്നതിനു വേണ്ടിയാണ് 'സെക്രട്ടേറിയറ്റ് ബസ് ' എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. നേരത്തേ
ഇറിഗേഷൻ വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ടായി വിരമിച്ച മടവൂർ വിളയക്കാട് സ്വദേശി മണികണ്ഠന് ബസിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ ബസിനുള്ളിൽ തന്നെ യാതഅയപ്പ് നൽകിയിരുന്നു.