തിരുവനന്തപുരം : അപൂർവരോഗം ബാധിച്ച പോത്തൻകോട് കുന്നത്തുവീട്ടിൽ സുരേഷ് കുമാറിന് ഉപജീവനം നടത്താൻ യോജിച്ച ആട്ടോറിക്ഷ ഓണസമ്മാനമായി നൽകി സർക്കാർ. അമിത ശരീര വളർച്ചയ്ക്ക് കാരണമാകുന്ന അക്രോജൈജാന്റിസം എന്ന അപൂർവരോഗം ബാധിച്ച സുരേഷ് കുമാറിന് സാമൂഹ്യ സുരക്ഷാ മിഷന്റെ 'വീ കെയർ' പദ്ധതി പ്രകാരമാണ് പ്രത്യേക ആട്ടോ വാങ്ങി നൽകിയത്. മന്ത്രി കെ.കെ. ശൈലജ ആട്ടോറിക്ഷ കൈമാറി. 2,82,465 രൂപ ചെലവഴിച്ചാണ് വാഹനം പ്രത്യേകം രൂപകല്പന ചെയ്തത്.
രോഗത്തിനൊപ്പം നട്ടെല്ലിനും ഗുരുതരരോഗം ബാധിച്ച് ജോലി ചെയ്യാനോ മറ്റ് പ്രാഥമികാവശ്യങ്ങൾ ചെയ്യാനോ കഴിയാത്ത സ്ഥിതിയായിരുന്നു. ഏഴ് അടി ഉയരവും 152 കിലോ ഭാരവുമുള്ള സുരേഷ് കുമാറിന് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ യാത്ര ചെയ്യാനും കഴിയില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ എൻഡോക്രൈനോളജി, നെഫ്രോളജി, ന്യൂറോ, ഓർത്തോ, ഹീമറ്റോളി വിഭാഗങ്ങളിൽ ചികിത്സയിലാണ്. 13ാം വയസുമുതൽ അപൂർവ ശരീര വളർച്ചയുണ്ടാവുകയായിരുന്നു. സുരേഷ് കുമാറിനൊപ്പം 94 വയസുള്ള പിതാവ് മാത്രമാണുള്ളത്. സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ പങ്കെടുത്തു.