reshma

നേമം:കാരയ്ക്കാമണ്ഡപത്തിന് സമീപം ഭർത്താവിനൊപ്പം വാടകവീട്ടിൽ കഴിഞ്ഞിരുന്ന യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുക്താർ അഹമ്മദിനെ (26) നേമം പൊലീസ് കസ്റ്രഡിയിലെടുത്തു. കഴക്കൂട്ടം അമ്പലത്തിൻകര സെറ്രിൽമെന്റ് കോളനിയിൽ രാജൻ-തുളസി ദമ്പതികളുടെ മകൾ രേഷ്മ (24) ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ഇവർ പുതിയ കാരയ്ക്കാമണ്ഡപം തമ്പുരാൻ നഗർ മുതുകാട്ടുവിള വീട്ടിൽ വാടകയ്ത്ത് താമസിച്ചു വരികയായിരുന്നു.

ഇന്നലെ വൈകിട്ട് 3 മണിയോടെ മുക്താർ അഹമ്മദ് ഒരു ഓട്ടോയിൽ അബോധാവസ്ഥയിലായിരുന്ന രേഷ്മയെ ശാന്തിവിള താലൂക്കാശുപത്രിയിൽ എത്തിച്ചു. ഭാര്യ കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നാണ് ഇയാൾ ഡോക്ടറോട് പറഞ്ഞത്. ആശുപത്രിയിലെത്തും മുൻപേ രേഷ്മ മരിച്ചിരുന്നു. എന്നാൽ രേഷ്മയുടെ കഴുത്തിൽ കയർ മുറുകിയ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതിൽ സംശയം തോന്നിയ ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്രഡിയിലെടുത്തു.

ഇന്നലെ രാവിലെയോടെ പുറത്തുപോയ രേഷ്മ ഉച്ചയ്ക്ക് വീട്ടിലേക്ക് മടങ്ങിവന്നതായി നാട്ടുകാർ പറയുന്നു.

ഉച്ചയോടെ രേഷ്മയെ ഇയാൾ വീട്ടിലേക്ക് വിളിച്ചു വരുത്തിയതാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സമീപ വാസികൾ പറഞ്ഞു. എട്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രണയവിവാഹമായിരുന്നു.വീട്ടുകാർ എതിർത്തിനാൽ ഇവർ വാടകയ്ക്ക് വീട് എടുത്ത് താമസം മാറുകയായിരുന്നു. മുക്താർ അഹമ്മദ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും ഇയാൾ യുവതിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. യുവതിയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് അശുപത്രി മോർച്ചറിയിലേക്ക് മാറ്രി.