crime

നേമം: പുതിയ കാരയ്ക്കാമണ്ഡപത്തിനു സമീപം വാടകവീട്ടിൽ താമസിച്ചു വന്നിരുന്ന യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം അമ്പലത്തിൻകര സെറ്റിൽമെന്റ് കോളനിയിൽ രാജൻ-തുളസി ദമ്പതികളുടെ മകൾ രേഷ്മ (24) ആണ് ഇന്നലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുക്തർ അഹമ്മദിനെ നേമം പൊലീസ് കസ്റ്രഡിയിലെടുത്തിരുന്നു. ഇയാൾ നിരീക്ഷണത്തിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഉച്ച തിരിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ഇവർ പുതിയകാരയ്ക്കാമണ്ഡപം തമ്പുരാൻ നഗർ മുതുകാട്ടുവിള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

8 മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.രേഷ്മ ടെക്നോപാർക്കിലെ മുൻ ജീവനക്കാരിയാണ്. മുക്താർ ഓട്ടോ ഡ്രൈവറാണ്. ഇയാൾ കാരയ്ക്കാമണ്ഡപത്തിലാണ് താമസമെങ്കിലും കൂടുതലായും നഗരത്തിലാണ് ഓട്ടോ ഓടുന്നത്. ഇവിടെ നിന്ന് ടെക്നോപാർക്കിലേയ്ക്കുളള സ്ഥിരം സവാരിക്കിടെയാണ് രേഷ്മയുമായി പരിചയപ്പെടുന്നതും അടുക്കുന്നതും. മുക്താർ അഹമ്മദ് സ്ഥിരം മദ്യപാനിയാണ്.പിടിയിലാകുമ്പോഴും മുക്താർ മദ്യലഹരിയിലായിരുന്നതായി പോലീസ് പറയുന്നു. പരിശോധനയിൽ യുവതി തൂങ്ങി മരിച്ചതായുളള യാതൊരു അടയാളങ്ങളും കാണാനില്ലായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മുക്താർ പരസ്പര വിരുദ്ധമായിട്ടാണ് കാര്യങ്ങൾ പറഞ്ഞത് . യുവതി വീട്ടിനുളളിലെ കിടപ്പുമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് ഇയാൾ പൊലീസിനോട് ആവർത്തിച്ചു . യുവതിയുടെ മൃതദേഹം നടപടികൾക്ക് ശേഷം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന് ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തും. വിശദമായ പരിശോധനാ ഫലം വന്നാൽ മാത്രമേ യുവതിയുടെ മരണത്തിനു പിന്നിലുളള കാരണം വ്യക്തമാവുകയുളളുവെന്ന് നേമം പൊലീസ് പറഞ്ഞു.

ഇയാൾ യുവതിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പരിസരവാസികളുടെ മൊഴി. സംഭവദിവസം പുറത്തായിരുന്ന യുവതിയെ മുക്താർ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയിരുന്നതായി സാക്ഷി മൊഴിയുണ്ട്. പിന്നീട് വീട്ടിൽ എന്തു സംഭവിച്ചുവെന്ന് ആർക്കും അറിയില്ല. വൈകുന്നേരം 3 മണിയ്ക്ക് ശേഷം മുക്താർ ഒരു ഓട്ടോയിൽചലനമറ്റ രേഷ്മയെയും കൊണ്ട് നേമം ശാന്തിവിള താലൂക്കാശുപത്രിയിൽ എത്തുകയായിരുന്നു. ഭാര്യ കഴുത്തിൽ കുരിക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.