അന്റാർട്ടിക്കയിലെ ടെയ്‌ലർ ഹിമപാളി കാണുന്നവർ ഒന്നു ഞെട്ടും. തൂവെള്ള നിറത്തിലെ മഞ്ഞു പാളിയ്ക്ക് മദ്ധ്യത്തിൽ നിന്നും രക്തം താഴേക്ക് ഒലിച്ചിറങ്ങുന്നു! 'ബ്ലഡ് ഫാൾസ് ' എന്നാണ് ഇത് അറിയപ്പെടുന്നത്. വിക്ടോറിയ ലാൻഡിലെ മക്മുർഡോ ഡ്രൈ താഴ്‌വരയിലെ മഞ്ഞുമൂടിയ ഹിമപാളികളുടെ വിടവിലൂടെ ബോണിത്തടാകത്തിലേക്കാണ് ഇത് ചെന്നെത്തുന്നത്. അയൺ ഓക്സൈഡ് കലർന്ന ഉപ്പ് ജലമാണ് വെള്ളത്തിന്റെ ചുവപ്പ് നിറത്തിന്റെ കാരണം. ഹിമപാളിയ്‌ക്ക് അടിത്തട്ടിൽ ഏകദേശം 1,300 അടി ആഴത്തിൽ നിന്നാണ് ഈ പ്രവാഹം ഉത്ഭവിക്കുന്നത്. 1911ൽ ഗ്രിഫിത്ത് ടെയ്‌ലർ എന്ന പര്യവേക്ഷകനാണ് ഇത് കണ്ടെത്തിയത്.
പ്രത്യേകതരം ആൽഗെകളുടെ സാന്നിദ്ധ്യമാകാം ജലത്തിന് രക്തവർണം നൽകുന്നതെന്ന് ഗവേഷകർ അനുമാനിക്കുന്നു. എന്നാൽ, അത്തരം ആൽഗെകൾ ഏതാണ്? എവിടെ നിന്നും ഇവിടെ എത്തി? ഈ ചോദ്യങ്ങൾക്ക് കൃത്യമായ വിശദീകരണം നൽകാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ടെയ്‌ലർ ഹിമാനി ഉത്ഭവിക്കുന്ന സമയം ഇവിടെ ഒരു ഉപ്പുജല തടാകം ഉണ്ടായിരുന്നു. ഹിമാനി വ്യാപിച്ചതോടെ തടാകം മഞ്ഞുപാളികൾക്ക് അടിയാലാകുകയും ഉപ്പിന്റെ അംശം ക്രമാതീതമായി കൂടുകയും ചെയ്‌തു. ഈ ഉപ്പുജലം വൻതോതിൽ ഇരുമ്പിന്റെ അംശം ആഗിരണം ചെയ്‌തിരുന്നു. ഉപ്പ് ജലത്തിലെ സൂഷ്‌മജീവികളാണ് ഇരുമ്പിന്റെ അംശത്തെ വലിച്ചെടുത്തതെന്നാണ് കരുതുന്നത്. ഹിമാനിയിൽ നിന്നും ഈ ജലം വിള്ളലിലൂടെ പുറത്ത് വന്നതോടെ അന്തരീക്ഷത്തിലെ ഓക്‌സിജനുമായി പ്രവർത്തിച്ച് ചുവപ്പ് നിറമാവുകയായിരുന്നു. ലളിതമായി പറഞ്ഞാൽ ഇരുമ്പ് തുരുമ്പിക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്.