ഒരു സന്ദർശകൻ. ആദ്ധ്യാത്മിക കാര്യങ്ങളിൽ താത്‌പര്യമുള്ളയാൾ. ആദ്ധ്യാത്മിക സാധനകൾ നടക്കുന്ന പല കേന്ദ്രങ്ങളിലും പോയി സമയം ചെലവഴിക്കാറുണ്ട്. ഒരു കേന്ദ്രത്തിൽ പോയപ്പോഴുള്ള അനുഭവം എന്നോടു വിവരിച്ചു. ഇളംനീല നിറമുള്ള ഒരു മുറിയിൽ ഇരുത്തി. മുമ്പിലുള്ള ചുവരിൽ നോക്കിക്കൊണ്ട് അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ഇരിക്കുമ്പോഴുണ്ടായ അനുഭവം, ഉള്ളിൽത്തോന്നിയ കാര്യങ്ങളെല്ലാം മുൻവശത്തെ ഭിത്തിയിൽ പ്രതിഫലിച്ചു കാണുന്നതായിട്ടാണ്. ഇതു കുറച്ചുസമയം കണ്ടുകൊണ്ടിരുന്നു. സ്വന്തം മനസിൽ തോന്നുന്നതെല്ലാം മുന്നിൽ പ്രതിഫലിച്ചു കാണുന്നത് ഒരത്ഭുതം തന്നെ.
ഞാൻ ചോദിച്ചു:
''അതുകഴിഞ്ഞ് വീട്ടിൽ വന്ന് അതേപോലെ വീട്ടിലെ ഭിത്തിയിൽ നോക്കിയിരുന്നു ധ്യാനം ചെയ്‌തു നോക്കിയിട്ടുണ്ടോ?"
''ഇല്ല."
''ഇപ്പറഞ്ഞത് ധ്യാനത്തിന്റെ ഒരു ഫലപ്രാപ്‌തിയാണെങ്കിൽ ആ ഫലം നിമിഷം കൊണ്ട് ഇല്ലാതായിപ്പോകേണ്ടതല്ലല്ലോ? ഇരിക്കട്ടെ. ആ ധ്യാനം ശീലിച്ചതുകൊണ്ട് എന്തു നേട്ടമാണുണ്ടായത്? വളരെ സമയവും പണവും അതിനുവേണ്ടി ചെലവിട്ടതുമാണല്ലോ."
''അവിടെനിന്നു വെളിയിലിറങ്ങുമ്പോൾ വലിയൊരു സ്വാതന്ത്ര്യബോധം അനുഭവപ്പെട്ടു."
''ആ സ്വാതന്ത്ര്യബോധം ഇപ്പോഴും ഉണ്ടോ?"
''ഇല്ല. ഞാൻ ഇപ്പോഴും പഴയ ആൾ തന്നെ. പഴയതുപോലെ പ്രാരാബ്‌ധങ്ങളുടെ കുരുക്കിൽപ്പെട്ടു കഴിയുന്നു."
ഇങ്ങനെ നൈമിഷികമായ സുഖമോ സ്വാതന്ത്ര്യബോധമോ ഉൽക്കർഷമോ അനുഭവപ്പെടാൻ ഉപകരിക്കേണ്ടതാണോ യഥാർത്ഥ ആദ്ധ്യാതിമകത? നമ്മുടെ ഋഷിമാരും ഗുരുക്കന്മാരും പുരാതനകാലം മുതൽ പഠിപ്പിച്ചു പോരുന്ന ആദ്ധ്യാത്മികസാധനകളും ദാർശനിക സമ്പ്രദായങ്ങളും മനുഷ്യനു ശാശ്വതമായ ശാന്തിജീവിതത്തിൽ ഉറപ്പു വരുത്തുന്നതിനെയാണ് ലക്ഷ്യമാക്കുന്നത്.
ആധുനിക കാലത്ത് പരസ്യപ്രചാരണങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധയിലെത്തുന്ന, വിശേഷിച്ചും സമ്പന്നരുടെ ഇടയിലെത്തുന്ന, ആദ്ധ്യാത്മിക സാധനാക്രമങ്ങളും ധ്യാനരീതികളും പലതുണ്ട്. അവ ഭാരതത്തിന്റെ ഉപനിഷത് സംസ്‌കാരത്തിനും ദാർശനികസമ്പ്രദായങ്ങൾക്കും നിരക്കുന്നതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഒരുപക്ഷെ ആർക്കും ഒന്നിനും സമയമില്ലാത്ത ആധുനിക ജീവിതപശ്ചാത്തലത്തിന്, ഇമ്മാതിരി ഗുളികരൂപത്തിലുള്ള ആദ്ധ്യാത്മിക പഠനങ്ങളും ധ്യാനരീതികളും മതിയായിരിക്കും. ശരിയായ ആദ്ധ്യാത്മികതയിലേക്കു ശ്രദ്ധ തിരിക്കാൻ അവർക്കു സമയമില്ല.
മാത്രമല്ല, പണം കൊടുത്തു വാങ്ങുന്നതിനേ വിലയുള്ളു എന്നു തോന്നുന്നതാണ് കമ്പോള സംസ്‌കാരത്തിലൂന്നിയ ആധുനിക മനസ്. ശുദ്ധമായ ആദ്ധ്യാത്മികജ്ഞാനം വില കൊടുത്തു വാങ്ങാവുന്നതല്ല. എന്നാൽ അതു വിലമതിക്കാനാവാത്തതുമാണ്. വില കൊടുക്കേണ്ടതല്ലാത്തതുകൊണ്ട് കമ്പോളസംസ്‌കാരക്കാർ അതിൽ മനസുവയ്‌ക്കാറുമില്ല !
ഇതും ഒരു കലികാലസവിശേഷതയായിരിക്കാം!