chandrayan-

ചന്ദ്രൻ അവസാനനിമിഷം പിടിതരാതെ ഒഴിഞ്ഞുമാറിയ ദൗത്യത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ നേടിയത് ഒരു ജനതയുടെ പിന്തുണയും വിശ്വാസവും. ലോകത്തിന് മുന്നിൽ സ്വന്തം സാങ്കേതിക മേന്മ കാഴ്‌ചവച്ച ഐ.എസ്.ആർ.ഒ. അതിലൂടെ നൽകിയത് അനുഭവങ്ങളുടെയും അറിവുകളുടെയും വലിയൊരു ഖനിയാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴുണ്ടായത് ഒരു പരാജയമാണെന്ന് കരുതാനാവില്ല.

ലാൻഡറും റോവറും പോരാടി തളർന്നെങ്കിലും കരുത്തനായ ഒാർബിറ്റർ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ട്. ഒരുവർഷം അവിടെ തുടരുകയും ചെയ്യും. പകുതിയിലേറെ ഉപകരണങ്ങളും ഒാർബിറ്ററിൽ സജീവമായി പ്രവർത്തിക്കുന്നുമുണ്ട്. ചാന്ദ്രപര്യവേക്ഷണ ലക്ഷ്യങ്ങളിൽ പിന്നോട്ടില്ലെന്നും പിഴവുകൾ പഠിച്ച് സമഗ്രമായ മൂന്നാം ചന്ദ്രയാൻ കുതിക്കുമെന്നുമാണ് ചെയർമാൻ ഡോ. ശിവന്റെ പ്രതീക്ഷാനിർഭരമായ വാക്കുകൾ.

സോഫ്‌റ്റ് ലാൻഡിംഗ് നടന്നില്ലെങ്കിലും ഇതുവരെ ആരും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്താനും അതേക്കുറിച്ച് നിരവധി ശാസ്ത്രവിവരങ്ങൾ സമാഹരിക്കാനും കഴിഞ്ഞുവെന്നത് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ അന്താരാഷ്ട്ര നേട്ടമാണ്. ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്കുള്ള ഒരു നിർണായക നാഴികകല്ലാണ് ഇന്ത്യൻ ദൗത്യം.

ചന്ദ്രയാൻ 1 ന്റെ ദൗത്യം ചന്ദ്രന്റെ ഉപരിതലത്തിൽ പേടകത്തെ ഇടിച്ചിറക്കുന്നതായിരുന്നു. എന്നാൽ ചന്ദ്രയാൻ രണ്ടിൽ ഇതിന്റെ അടുത്തഘട്ടമാണ് ലക്ഷ്യമിട്ടത്. അതിൽ ഏറെക്കുറെ വിജയിച്ചുവെന്ന് പറയാം. ചന്ദ്രന്റെ ഭ്രമണപഥത്തിൽവച്ച് പേടകത്തിൽ നിന്ന് ഒരു ഭാഗം വേർപെടുന്നതാണ് ചന്ദ്രയാൻ 2 നെ വ്യത്യസ്‌തമാക്കുന്ന ഒരു ഘടകം. ഇത് വിജയകരമായി പൂർത്തിയാക്കി. വേർപെട്ട ലാൻഡറിനെ നിശ്ചിത ഭ്രമണപഥത്തിലേക്ക് മാറ്റാനും അതിന്റെ വേഗം നിയന്ത്രിക്കാനും മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഭ്രമണപഥത്തിന്റെ വലിപ്പം കുറച്ചു കൊണ്ടുവരാനുമായി. ഇത് വൻ വിജയമാണ്. ഇത് കൂടാതെ സോഫ്‌റ്റ് ലാൻഡിംഗ് നടത്താൻ ലക്ഷ്യമിട്ട ലാൻഡറിനെ ചന്ദ്രപ്രതലത്തിന്റെ തൊട്ടുമുകളിൽ വരെ എത്തിച്ചു വെന്നതും എടുത്തുപറയേണ്ട വിജയം തന്നെയാണ്.

ലാൻഡറും റോവറും ഉദ്ദേശിച്ച തരത്തിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒാർബിറ്റർ വൻ വിജയമാണ്. ചന്ദ്രന് മുകളിലെ ആകാശത്തിൽ 94 കിലോമീറ്റർ മേലെ നിർദ്ദിഷ്‌ട ഭ്രമണപഥത്തിലാണിപ്പോഴുമുള്ളത്. ഇത് കുറഞ്ഞത് ഒരു വർഷക്കാലമെങ്കിലും ഇവിടെ തുടരും. ചന്ദ്രയാൻ 2 ൽ വിവിധ തരത്തിലുള്ള പതിമൂന്ന് പേലോഡുകൾ അതായത് ഗവേഷണ,പഠന ഉപകരണങ്ങളാണ് ഘടിപ്പിച്ചത്. അതിൽ റോവറിലെ രണ്ടും ലാൻഡറിലെ മൂന്നും ഒഴികെ ശേഷിക്കുന്ന എട്ട് ഉപകരണങ്ങളും ഇപ്പോഴും പ്രവർത്തനസജ്ജമാണ്. ഇതിനെല്ലാം പുറമെ ഭൂമിയിൽ നിന്ന് 3.84 ലക്ഷം കിലോമീറ്റർ അകലെ ബഹിരാകാശത്തുള്ള ഗ്രഹത്തിന്റെ തട്ടിലേക്ക് ഒരു പേടകത്തെ വിജയകരമായി മുൻ നിശ്ചയിച്ച രീതിയിൽത്തന്നെ ഒരുപിഴവുമില്ലാതെ എത്തിക്കാൻ കഴിഞ്ഞതും ഐ.എസ്. ആർ.ഒയുടെ സാങ്കേതികവിജയമാണ്. ഇതിന്റെ ഒരു ഘട്ടത്തിലും വിദേശ സാങ്കേതിക സഹായം ഐ.എസ്. ആർ.ഒ. തേടിയിട്ടില്ല. മാത്രമല്ല ദൗത്യനിർവഹണത്തിന്റെ മുൻനിര പ്രമുഖർ രണ്ടുപേരും വനിതകളാണെന്നതും മൊത്തം ദൗത്യടീമിൽ മുപ്പത് ശതമാനത്തോളം വനിതകൾ തന്നെയാണെന്നും എടുത്തുപറയേണ്ട നേട്ടമാണ്.

സ്വന്തമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള ജി.എസ്. എൽ.വി. മാർക്ക് ത്രി റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ഇത് ഇന്ത്യയുടെ വിജയമാണ്. മറ്റൊരു രാജ്യത്തുനിന്നും കടം വാങ്ങാതെ നാല് ടൺ ഭാരമുള്ള പേടകം ബഹിരാകാശത്തെത്തിക്കാൻ കഴിഞ്ഞതാണ് ഇൗ ദൗത്യത്തിലെ ആദ്യവിജയം. ചന്ദ്രയാൻ 1 വിക്ഷേപിച്ചത് ഇടത്തരം റോക്കറ്റായ പി.എസ്. എൽ.വി. ഉപയോഗിച്ചായിരുന്നു. ഇതിലെ എൻജിൻ വിദേശസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതായിരുന്നു.

ഭ്രമണപഥം പടിപടിയായി ഉയർത്തിക്കൊണ്ടുവന്ന് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് വിമുക്തമായി മറ്റൊരു ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതാണ് രണ്ടാമത്തെ വിജയം. ഈ നേട്ടം ആദ്യമായല്ല ഇന്ത്യ കൈവരിക്കുന്നത്. ചന്ദ്രയാൻ 1ലും മംഗൾയാനിലും ഇതേ സാങ്കേതികവിദ്യ വിജയകരമായി നടപ്പാക്കിയിരുന്നു.

ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ചും അവിടെ നിന്ന് മണ്ണും പാറയും എടുത്തു കൊണ്ടുവന്നും ലോകത്തെ ഞെട്ടിച്ച രാജ്യങ്ങളാണ് റഷ്യയും അമേരിക്കയും. സാമ്പത്തിക ശക്തികൊണ്ട് ചെെനയും പിന്നീട് ആ ശ്രേണിയിലെത്തി. അമേരിക്കയുടെ ശാസ്ത്രസാങ്കേതിക സഹായത്തോടെ യൂറോപ്യൻ യൂണിയനും വാണിജ്യാടിസ്ഥാനത്തിൽ ആ വിജയങ്ങളുടെ പങ്കുപറ്റി.ഇൗ മേഖലയിൽ അവരുടെ വിജയങ്ങൾ പൂർത്തിയായ ശേഷമാണ് ഐ.എസ്.ആർ.ഒ. രംഗത്തുവരുന്നത്. അതിന്റെ കുതിപ്പിന് രണ്ട് ദശാബ്‌ദങ്ങളുടെ പൂർണത പോലുമില്ല. ഇതിനിടയിൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനും അവിടെ ഒരു സ്പെയ്സ് സ്റ്റേഷനുമൊക്കെയാണ് ഇന്ത്യയുടെ മനസിൽ. അടുത്ത പത്തുവർഷത്തിനുള്ളിൽ ഇതെല്ലാം സാദ്ധ്യമാക്കാൻ മോഹിക്കുന്ന ഇന്ത്യയ്‌ക്ക് ഇൗ മേഖലയിലെ ചെറിയ പ്രതിസന്ധിപോലും കനത്ത തിരിച്ചടി തന്നെയാണ്. ഗ്രഹപര്യവേഷണങ്ങളിൽ അന്താരാഷ്ട്രതലത്തിൽ സ്വീകരിച്ചുവരുന്ന രീതി. ആദ്യം നിരീക്ഷണപേടകം, പിന്നെ ഗ്രഹത്തിലേക്ക് ഇടിച്ചിറക്കം, അതിന് ശേഷം സോഫ്‌റ്റ് ലാൻഡിംഗ്, പിന്നീട് അവിടെ നിന്ന് ബഹിരാകാശവസ്‌തുക്കളുടെ കടത്ത്, പിന്നാലെ യാത്രികരെ ഇറക്കൽ. അതും കഴിഞ്ഞ് സ്പെയ് സ്‌റ്റേഷൻ സ്ഥാപിക്കൽ. ഇതേ വിജയതാരയിലൂടെ തന്നെയാണ് ഒന്നാം ചന്ദ്രദൗത്യത്തിന് പിന്നാലെ രണ്ടാം ദൗത്യവുമായി ഐ.എസ്.ആർ.ഒ. മുന്നിട്ടിറങ്ങിയത്. ചുരുങ്ങിയ കാലത്തിനിടയിൽ സ്വന്തം വിക്ഷേപണ റോക്കറ്റും ഗതിനിർണയ സംവിധാനങ്ങളും കൈവരിച്ചതിനൊപ്പം ചൊവ്വയിലേക്കും ചന്ദ്രനിലേക്കും ദൗത്യങ്ങളും നടത്തി വിജയിപ്പിച്ച ഐ.എസ്.ആർ.ഒ ഇന്ന് രാജ്യത്തിന്റെ തന്നെ അഭിമാനമാണ്. ചന്ദ്രയാൻ 2 ന്റെ പിഴവുകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് പോലെ രാജ്യം ഇതൊരു പിഴവായി കാണുന്നില്ല. ഇതിൽ വിജയങ്ങളുടെ നിരവധി ഘടകങ്ങൾ ഉണ്ട്. മുന്നിലുള്ള വിജയലക്ഷ്യങ്ങൾ ഒന്നാെന്നായി നേടുക തന്നെ ചെയ്യും.