കല്ലമ്പലം: തോട്ടയ്ക്കാട് – ചുമടുതാങ്ങി റോഡ് (പ്രേംസലീൽ റോഡ്) തകർന്നിട്ടു മാസങ്ങൾ പലത് കഴിഞ്ഞിട്ടും ടാർ ചെയ്യാ൯ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുന്നില്ല. റോഡിന്റെ ശോചനീയാവസ്ഥയെകുറിച്ച് നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയം തന്നെ. കരവാരം പഞ്ചായത്തിന്റെ സംഭരണ വാർഡുകളായ 5 ലും, 7ലും കൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. കരവാരം പ്രാഥമികാരോഗ്യ കേന്ദ്രം, പനച്ചിമൂട് ഏലാ, പോളയ്ക്കൽ മേലേപ്പാലം പനച്ചിമൂട് ഭഗവതി ക്ഷേത്രം, പറക്കുളം ശ്രീ ഭഗവതിക്ഷേത്രം ഇതിനെല്ലാം സമീപത്തുകൂടെ പോകുന്ന റോഡിന്റെ ഒരു കിലോമീറ്ററോളം ദൂരമാണ് പൊട്ടിപൊളിഞ്ഞ് കുഴിയും കുണ്ടുമായി കിടക്കുന്നത്. അടുത്തിടെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ കരവാരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് രോഗികളുമായി പോകുന്ന വാഹനങ്ങളും, ആംബുലൻസും ഈ ദുർഘടപാത താണ്ടുന്നത് വളരെ ബുദ്ധിമുട്ടിയാണ്. ഈ റോഡിനിരുവശവുമായി സ്ഥിതി ചെയ്യുന്ന പനച്ചിമൂട് ഭഗവതി ക്ഷേത്രത്തിലും, പറക്കുളം ഭഗവതി ക്ഷേത്രത്തിലും നിത്യേന എത്തുന്ന നൂറുകണക്കിന് ഭക്തർക്കും ഈ പാത താണ്ടുക അതികഠിനം തന്നെ. ഓട്ടോറിക്ഷ പോലും ഓട്ടം വിളിച്ചാൽ ഇതുവഴി സവാരി നടത്താറില്ല. ചുമടുതാങ്ങി റോഡ് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ റോഡിനെ പാമ്പ് പിടിത്തക്കാരൻ പ്രേംസലീൽ പാമ്പുകടിയേറ്റു മരിച്ചതോടെ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പ്രേംസലീൽ റോഡെന്ന് നാമകരണം ചെയ്യുകയായിരുന്നു നാട്ടുകാർ. ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.