2

വിഴിഞ്ഞം: സഞ്ചാരികൾക്ക് കൗതുകമായി വിഴിഞ്ഞം മറൈൻ അക്വേറിയത്തിൽ രണ്ട് പുതിയ അതിഥികൾ കൂടി. ഓന്തിന് നിറം മാറുന്നപോലെ ശരീരത്തിന്റെ നിറം മാറാൻ കഴിവുള്ള പികോക്ക് ഗ്രൂപ്പറും വംശനാശ ഭീഷണി നേരിടുന്ന ഹംബ്ഹെഡ് റാസുമാണ് പുതിയ അതിഥികൾ. മയിലിനെപ്പോലെ ശരീരത്തിൽ വിവിധ നിറങ്ങൾ ഉള്ളവയാണ് പീകോക്ക് റാസ്. ശത്രുക്കളിൽ നിന്നു രക്ഷപെടാനും ഇരകളെ ആകർശിക്കാനും ഇവ ശരീരത്തിന്റെ നിറം മാറ്റിക്കൊണ്ടിരിക്കും. കലവ ഇനത്തിൽപ്പെട്ട ഈ മത്സ്യങ്ങൾക്ക് വിഷമുണ്ട്. ഈ വിഷം തലയിലെ നാഡീവ്യൂഹത്തെ സാരമായി ബാധിക്കുന്നവയാണ്.

അലങ്കാര മത്സ്യങ്ങളുടെ ഇനത്തിൽപ്പെട്ട വംശനാശഭീഷണി നേരിടുന്ന ഹംബ്ഹെഡ് റാസ് മത്സ്യമാണ് മറ്റൊരതിഥി. ഇവിടെയുള്ളത് 5 കിലോ മാത്രം ഭാരമുള്ള മത്സ്യമാണ്. സാധാരണ ഈ മത്സ്യങ്ങൾ 150 മുതൽ 200 കിലോ വരെ ഭാരം വരുമെന്നാണ് അധികൃതർ പറയുന്നത്.

ഇലക്ട്രിക് റേ ഇനത്തിൽപ്പെട്ട രണ്ടിനം അലങ്കാര മത്സ്യങ്ങളും ഇവിടെയുണ്ട്. സാധാരണ റേ മത്സ്യം മണ്ണിന്റെ അടിയിൽ തിളങ്ങുന്ന കണ്ണുകൾ മാത്രം പുറത്ത് കാണുന്ന തരത്തിൽ പുതഞ്ഞിരിക്കും. കണ്ണിന്റെ തിളക്കം കണ്ട് അടുത്തെത്തുന്ന ഇരകളെ ഭക്ഷിക്കുന്നതാണ് ഈ മത്സ്യങ്ങളുടെ രീതി. എന്നാൽ മറ്റൊരിനം ഇരകളെയും ശത്രുക്കളെയും ഷോക്കടിപ്പിക്കുകയാണ് പതിവ്.

സിംഹ മത്സ്യം, വാലിന്റെ അറ്റത്ത് ചന്ദ്രക്കല അടയാളമുള്ള മൂൺറാസ്, ക്ലൗൺ മത്സ്യം, വിദേശവിപണിയിൽ വൻ വിലയുള്ള നെപ്പോളിയൻ റാസ്, ചുവപ്പും നീലയും പുള്ളിയുള്ള ക്വീൻ കോറിസ് എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നവയാണ്.

അലങ്കാര മത്സ്യത്തിനൊപ്പം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും അക്വാറിയത്തിൽ കാണാം. ഭക്ഷ്യയോഗ്യമായ കലവ, വളയോട്, കിളി മത്സ്യം എന്നിവയെല്ലാം ഇവിടെയുണ്ട്. ഇവ വിപുലമായി ഉത്പാദിപ്പിച്ച് കർഷകർക്ക് വിപണനം ചെയ്യുന്നതിനായി നിർമ്മിച്ച ഹാച്ചറി വൈകാതെ ഉദ്ഘാടനം ചെയ്യും. 50 ടൺ സംഭരണശേഷിയുള്ള ടാങ്കിൽ 15 ഇനം കലവകൾ ഇവിടെയുണ്ട്.