തിരുവനന്തപുരം: പാൽ വില വർദ്ധനയ്ക്കൊപ്പം കവറിന്റെ കെട്ടിലും മട്ടിലും മാറ്റം വരുത്താനൊരുങ്ങി മിൽമ. പുതിയ വില നിലവിൽ വരുന്ന 21 മുതലാകും കവറിന്റെ ഡിഡൈനിലും മാറ്റം വരുത്തുക. ഇതേക്കുറിച്ച് മിൽമ ആലോചന തുടങ്ങി. പുതിയ വില പുതിയ കവറുകളിൽ പ്രിന്റ് ചെയ്താകും വിതരണം ചെയ്യുക. 16ന് ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കവർ ഡിസൈൻ ഏത് രീതിയിൽ വേണമെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, ആകർഷകമായ ലുക്കാവും പുതിയ കവറിനുണ്ടാവുകയെന്ന് അധികൃതർ സൂചന നൽകി. കഴിഞ്ഞ ദിവസമാണ് മിൽമ പാലിന്റെ വില ലിറ്ററിന് നാല് രൂപ കൂട്ടാൻ മന്ത്രി കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. 16ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ഇക്കാര്യവും അംഗീകരിക്കും.
ഓണത്തിന് മിൽമ റെഡി
ഓണക്കാലത്തെ പാലിന്റെ വർദ്ധിച്ച ആവശ്യം നേരിടാൻ മിൽമ തയാറെടുത്തു. ആഭ്യന്തരമായി സംഭരിക്കുന്നതിന് പുറമേ കർണാടകത്തിൽ നിന്ന് ആവശ്യത്തിന് പാൽ മിൽമ എത്തിക്കും. പ്രളയവും കാലിത്തീറ്റയുടെ വില വർദ്ധനയും സംസ്ഥാനത്തെ പാൽ ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മുമ്പ് പ്രതിദിനം 13 ലക്ഷം ലിറ്റർ ആവശ്യമായിടത്ത് 12.5 ലക്ഷം ലിറ്ററും മിൽമ ആഭ്യന്തരമായി സംഭരിക്കുമായിരുന്നു. എന്നാൽ, ഏഴ് ലക്ഷം ലിറ്ററിന്റെ കുറവാണ് ആഭ്യന്തര സംഭരണത്തിൽ ഉണ്ടായിരിക്കുന്നത്. ഇത്രയും പാൽ കർണാടകയിൽ നിന്ന് വാങ്ങാൻ തീരുമാനമായി. ലിറ്ററിന് 34 രൂപാ നൽകിയാണ് കർണാടകയിൽ നിന്ന് പാൽ വാങ്ങുക. ഇതിന് പുറമേ ശീതീകരിച്ച ലോറികളിൽ പാൽ കേരളത്തിലേക്ക് എത്തിക്കാൻ ലിറ്ററിന് രണ്ടര രൂപാ അധികം നൽകണം. ട്രാൻസ്‌പോർട്ടിംഗ് ചാർജ് കൂടുതലാണെങ്കിലും തമിഴ്നാടിനെക്കാൾ ഗുണമേന്മയുളള പാൽ കർണാടകത്തിൽ നിന്ന് ലഭിക്കുമെന്നാണ് മിൽമയുടെ പ്രതീക്ഷ.
ഉത്രാടത്തിന് 25 ലക്ഷം ലിറ്റർ പാലും (50 ലക്ഷം പായ്ക്കറ്റുകൾ) തിരുവോണത്തിന് 20 ലക്ഷം ലിറ്ററും (40 ലക്ഷം പായ്ക്കറ്റുകൾ ) മിൽമ വിപണിയിലെത്തിക്കും. പാൽ കഴിഞ്ഞാൽ ഒാണത്തിന് ഏറ്റവുമധികം ഡിമാന്റ് തൈരിനാണ്. 3 ലക്ഷം കവർ തെെരുകൾ ഒാണത്തിന് മിൽമ വിപണിയിലെത്തിക്കും.
തമിഴ്നാട് തഴഞ്ഞു
തമിഴ്നാട്ടിൽ നിന്ന് ഇക്കുറി മിൽമയ്ക്ക് പാൽ കിട്ടില്ല. ഇതുസംബന്ധിച്ച കത്ത് തമിഴ്നാട് കൈമാറി. ഉത്തരേന്ത്യയിലേക്ക് കൂടുതൽ പാൽ നൽകേണ്ടതുകൊണ്ടാണ് ഈ തീരുമാനം. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുണ്ടായ പ്രളയം അവിടങ്ങളിലെ പാലുത്പാദനത്തെ കാര്യമായി ബാധിച്ചു. അതോടെ അധിക വില നൽകി പാൽ വാങ്ങാൻ അവർ തമിഴ്നാടിനെ സമീപിച്ചതാണ് കേരളത്തിന് തിരിച്ചടിയായത്.