ജയിൽചുമതലയുള്ള ഉദ്യോഗസ്ഥർ ഇരുപത്തിനാല് മണിക്കൂറും കണ്ണും മനസും തുറന്നുവച്ച് ജോലി ചെയ്യേണ്ടി വരുന്നവരാണ്. പലപ്പോഴും അവർ സമ്മർദ്ദത്തിലും ആയിപ്പോയേക്കാം. എന്നാൽ സമ്മർദ്ദങ്ങളെ പരിഗണിക്കാതെ ഈ ജോലിയെ ആവോളം സ്നേഹിച്ച്, ആസ്വദിച്ച് , ആത്മാർത്ഥമായി കൃത്യം നിർവഹിക്കുന്ന ഒരു വനിതാ ഓഫീസറെ തേടി ഇത്തവണ രാജ്യത്തിന്റെ അംഗീകാരം എത്തിയിരിക്കുന്നു. രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹയായത് വിയ്യൂർ വനിതാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട് എൽ.സജിതയാണ്.
സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഇത്തവണ കേരളത്തിലെ ജയിൽ സർവീസിൽ നിന്നും ലഭിച്ചത് സജിതയ്‌ക്ക് മാത്രമാണ്. സംസ്ഥാനത്ത് നിന്ന് ജയിൽ സർവീസിൽ രാഷ്ട്രപതിയുടെ മെഡൽ നേടുന്ന രണ്ടാമത്തെ വനിത കൂടിയാണ് ഇവർ. 2018ൽ സ്‌തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡും ലഭിച്ചിരുന്നു. ഈ അംഗീകാരം അപ്രതീക്ഷിതമാണെന്ന് സജിത പറയുന്നു.
പൊലീസ് ലോകത്തേക്ക്...
ഫീമെയിൽ വാർഡനായി 23 വർഷം മുൻപാണ് ആലപ്പുഴ സ്വദേശിയായ സജിത സർവീസിൽ പ്രവേശിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിൽ, നെയ്യാറ്റിൻകര വനിതാ ജയിൽ, തിരുവനന്തപുരം സെൻട്രൽ ജയിൽ, ആലപ്പുഴ സബ് ജയിൽ, പൂജപ്പുര വനിതാ ഓപ്പൺ ജയിൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ഒരു വർഷം മുൻപ് പ്രമോഷനോടെ വിയ്യൂർ വനിതാ ജയിലിൽ ഡെപ്യൂട്ടി സൂപ്രണ്ടായി ചുമതലയേറ്റത്.
കേരളത്തിലെ ഏക വനിതാ ഓപ്പൺ ജയിലായ പൂജപ്പുര ജയിൽ ആരംഭിച്ച 2013 മുതൽ സജിത അവിടെയുണ്ടായിരുന്നു. ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളേതെന്ന ചോദ്യത്തിന് ഓപ്പൺ ജയിലിന്റെ തുടക്കം മുതൽ 2018 ഒക്ടോബർ വരെയുള്ള കാലാവധിയിൽ ജയിലിന്റെ ഓരോ വികസനത്തിലും പങ്കാളിയാകാൻ കഴിഞ്ഞതാണെന്നായിരുന്നു മറുപടി. രണ്ട് പതിറ്റാണ്ടിലധികം നീണ്ട സർവീസിനിടയിൽ ഒരുപാട് പേരുടെ വിഷമങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. മനസിൽ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഒന്നും ചെയ്യാൻ കഴിയാതെ നിസഹായയായി നിൽക്കേണ്ടി വന്ന സാഹചര്യങ്ങളും ഒരുപാടുണ്ടെന്ന് വേദനയോടെ സജിത പറയുന്നു.
ടെൻഷനുണ്ടെങ്കിലും
ഏറെ ഇഷ്‌ടമാണ്
ജയിലിൽ ജനിച്ചുവളർന്ന കുഞ്ഞുങ്ങളെ ആറ് വയസാകുമ്പോൾ ബന്ധുക്കൾക്കോ സ്ഥാപനങ്ങൾക്കോ വിട്ടുകൊടുക്കണം. 2013ൽ നെയ്യാറ്റിൻകര വനിതാ ജയിലുണ്ടായിരുന്ന കാലത്ത് അവിടെ വളർന്ന ഒരു കുഞ്ഞിനെ കണ്ണീരോടെ യാത്രയാക്കിയത് സജിത ഇന്നും ഓർത്തിരിക്കുന്നുണ്ട്. തന്നോട് വലിയ അടുപ്പമുണ്ടായിരുന്ന, മകനെപ്പൊലെ കണ്ട അവനെ കൈമാറിയ സങ്കടം ഏറെക്കാലം കൂടെയുണ്ടായിരുന്നു. ഇപ്പോൾ അവൻ വളർന്നു, ഡിഗ്രിയൊക്കെ കഴിഞ്ഞ് മിടുക്കനായെന്ന് സന്തോഷത്തോടെ സജിത പറയുന്നു.
ജയിലിലെ ജോലിക്കിടയിൽ ടെൻഷൻ സാധാരണയാണെന്നാണ് സജിതയുടെ പക്ഷം. സമയം നോക്കാതെ ജോലി ചെയ്യേണ്ടിവരും. കുടുംബത്തിനെക്കാളും പ്രാധാന്യം ജോലിക്ക് നൽകേണ്ടി വരും. എന്നാലും തനിക്ക് ഈ ജോലി ഒരുപാട് ഇഷ്ടമാണെന്ന് സജിത പറഞ്ഞു. തിരക്കേറിയതും ഉത്തരവാദിത്തങ്ങൾ നിറഞ്ഞതുമായ ജോലിയും കുടുംബജീവിതവും സ്വസ്ഥമായി കൈകാര്യം ചെയ്യാൻ എല്ലാ പിന്തുണയുമായി
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയും അദ്ധ്യാപകനുമായ ഭർത്താവ് കൈലാസും പത്താംക്ലാസ് വിദ്യാർത്ഥിയായ മകൻ കാർത്തിക് കൈലാസും സജിതക്കൊപ്പമുണ്ട്.