ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂകൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. കുട്ടികൾ തന്നെ വിളയിച്ചെടുത്ത ജൈവ പച്ചക്കറികളാണ് ഓണച്ചന്തയിലൂടെ വിറ്റഴിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വിഷമയമായ പച്ചക്കറികൾ വിപണി കീഴടക്കുന്ന ഇക്കാലത്ത് സ്വന്തം അധ്വാനത്തിലൂടെ ആരോഗ്യത്തിനെ ബാധിക്കാത്ത പച്ചക്കറികൾ സമൂഹത്തിലെത്തിച്ചതിലൂടെ നമുക്ക് നഷ്ടപ്പെട്ടുപോയ കൃഷി സംസ്കാരം തിരിച്ചുപിടിക്കാനാകുമെന്ന സന്ദേശമാണ് കുട്ടികൾ നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് ടി.ടി. അനിലാറാണി ജൈവപച്ചക്കറിച്ചന്ത ഉദ്ഘാടനം ചെയ്തു. ഏത്തക്ക, വെള്ളരിക്ക, പടവലങ്ങ, ചേന, ചേമ്പ് എന്നിവയായിരുന്നു ചന്തയിലെ പ്രധാന ഇനങ്ങൾ. വില്പനയിലൂടെ സമാഹരിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് കുട്ടികളുടെ തീരുമാനം.