cyber-

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സജീവമായ ഓൺലൈൻ പെൺവാണിഭ സംഘത്തെ കുടുക്കാൻ കർശന നടപടിയ്ക്കൊരുങ്ങി പൊലീസ് സൈബർ വിഭാഗം. കഴിഞ്ഞ മൂന്നിന് ഇതുസംബന്ധിച്ച 'ഫ്ളാഷ്' വാർത്ത നൽകിയിരുന്നു. തുടർന്നാണ് നടപടി. ഓൺലൈൻ പെൺവാണിഭ സംഘത്തെ കണ്ടെത്താൻ സൈബർ വിഭാഗം ഓൺലൈൻ പട്രോളിംഗ് തുടങ്ങും. മേൽ നടപടിക്കായി കമ്മിഷണർക്ക് കൈമാറുമെന്നും തിരുവനന്തപുരത്ത് സൈബർ സെല്ലിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ ബിനിൽ പറഞ്ഞു.

ചില കുപ്രസിദ്ധ സൈറ്റുകൾ വഴി വീണ്ടും പെൺവാണിഭം പൊടിപൊടിക്കുന്നു എന്ന വാർത്തയാണ് 'ഫ്ളാഷ്' പുറത്തുകൊണ്ടുവന്നത്. 'ഫ്ളാഷ്' നടത്തിയ ഓപ്പറേഷനിൽ തിരുവനന്തപുരത്ത് പട്ടം, തമ്പാനൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘങ്ങളുടെ പ്രധാന ഇടനിലക്കാർ സ്ത്രീകളാണെന്ന വിവരവും ലഭിച്ചിരുന്നു. 'ഫ്ലാഷ്' റിപ്പോർട്ടിനെ തുടർന്ന് മറ്റു ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയതായി സൈബർ സെൽ അധികൃതർ വ്യക്തമാക്കി.