samaram

ചിറയിൻകീഴ്: അഴൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഈ സാമ്പത്തിക വർഷത്തിൽ ഒരു ദിവസം പോലും തൊഴിൽ നൽകിയില്ലെന്നാരോപിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ അഴൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പട്ടിണിക്കഞ്ഞി വച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ പേരിൽ കോൺഗ്രസ് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്നതെന്നും അതിന് കുടപിടിക്കുന്ന സമീപനമാണ് അഴൂർ പഞ്ചായത്തിലെ സി.പി.എം ഭരണാധികാരികൾ സ്വീകരിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഈ നയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴൂർ വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ വി.കെ. ശശിധരൻ, ജി. സുരേന്ദ്രൻ, കെ. ഓമന, എ.ആർ.നിസാർ, മാടൻവിള നൗഷാദ്, എസ്.ജി അനിൽകുമാർ, അഖിൽ അഴൂർ, അഴൂർ രാജു, സോനു തുടങ്ങിയവർ നേതൃത്വം നൽകി.