തിരുവനന്തപുരം : അപകട മരണങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അടിയന്തര സേവനത്തിനായി ആരംഭിച്ച 108ന്റെ സേവനം ഇനി സംസ്ഥാനത്തുടനീളം ലഭ്യമാവും.
നിലവിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും മാത്രമാണ് 108 പ്രവർത്തിക്കുന്നത്.രണ്ട് ജില്ലകളിലായി 50 ആംബുലൻസുകളാണുള്ളത്. പദ്ധതി മറ്ര് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം 17ന് മുഖ്യമന്ത്രി നിർവഹിക്കും. സർക്കാരിന്റെ ട്രോമ കെയറിന്റെ ഭാഗമായി സമഗ്ര ആംബുലൻസ് പദ്ധതി പ്രകാരം ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്) കാറ്റഗറിയിലുൾപ്പെട്ട 315 ആംബുലൻസുകളാണ് മറ്ര് 12 ജില്ലകളിലായി നിരത്തിലിറങ്ങുന്നത്. ഇതിൽ 120 എണ്ണം തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു.
റോഡ് സേഫ്റ്റി അതോറിട്ടിയുടെ സർവേപ്രകാരം അപകടങ്ങളുടെ നിരക്കനുസരിച്ചാവും ഓരോ ജില്ലയിലും 108 ആംബുലൻസ് സർവീസ് നടത്തുക. 108ന്റെ ചുമതല നേരത്തേ സർക്കാരിനായിരുന്നെങ്കിലും, വിപുലീകരിച്ച പദ്ധതിയുടെ നിർവഹണ ചുമതല തെലങ്കാനയിലെ ജി.വി.കെ എമർജൻസി മാനേജ്മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ്. കമ്പനിയുടെ ചെലവിലാണ് വാഹനങ്ങൾ വാങ്ങിയത്. വാടകയും മറ്റ് ആനുകൂല്യങ്ങളുമായി അഞ്ച് വർഷത്തേക്ക് 517കോടിയാണ് സർക്കാർ ചെലവഴിക്കുന്നത്. കരാർ ഓരോ വർഷവും പുതുക്കി നൽകും. തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രീകരിച്ചുള്ള ഏകീകൃത കോൾ സെന്റർ വഴിയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
24മണിക്കൂറും സജ്ജം
108ൽ വിളിച്ചാൽ രാത്രിയും പകലുമില്ലാതെ ജി.പി.എസ്. സംവിധാനമുള്ള ആംബുലൻസുകൾ മിനിട്ടുകൾക്കുള്ളിൽ പറന്നെത്തും. അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ഡ്രൈവറെ കൂടാതെ പ്രത്യേക പരിശീലനം നേടിയ എമർജൻസി മെഡിസിൻ ടെക്നിഷ്യൻമാരുമുണ്ടാകും. 24 മണിക്കൂർ സേവനത്തിന് രണ്ട് ഷിഫ്റ്റുകളിൽ പ്രവർത്തിക്കാൻ ഒരു ആംബുലൻസിൽ നാല് ജീവനക്കാർ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബർ പകുതിയോട എല്ലാ 108ആംബുലൻസുകളും നിരത്തിലിറങ്ങും. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ നിരീക്ഷണത്തിലാവും കമ്പനിയുടെ പ്രവർത്തനം. വീഴ്ച വരുത്തിയാൽ കർശന നടപടിയുണ്ടാവും.
- ഡോ.ദിലീപ്.ആർ.എസ്
ജനറൽ മാനേജർ,
കെ.എം.എസ്.സി.എൽ