വിതുര: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കളക്ഷൻ കൂട്ടാനും യാത്രാക്ലേശം പരിഹാരിക്കാനും നടപ്പാക്കിയ അശാസ്ത്രിയമായ ഷെഡ്യൂൾ പരിഷ്കരണം കാരണം പെരുവഴിയിലായത് ഇവിടുത്തെ യാത്രക്കാരാണ്. മികച്ച കളക്ഷനോടെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് ബസ് സർവീസുകൾ ഉൾപ്പടെയുള്ള സർവീസുകളുടെ കടയ്ക്കൽ കത്തിവച്ചതോടെ യാത്രാ ദുരിതം വർദ്ധിച്ചു. പരിഷ്ക്കാരണം നടപ്പിലാക്കിയതു മുതൽ ആരംഭിച്ച യാത്രാക്ളേഷം ഇപ്പോഴും തുടരുകയാണ്. മാത്രമല്ല കളക്ഷനും താഴേക്കാണ്. ഫാസ്റ്റ് സർവീസുകൾ വെട്ടിച്ചുരുക്കിയ ഡിപ്പോകളിൽ കളക്ഷനും കുറവാണ്. യാത്രാ ദുരിതം വർദ്ധിച്ചതോടെ പ്രതിഷേധസമരങ്ങളും നടന്നു. പ്രശ്നം പരിഹരിക്കാമെന്ന ബന്ധപ്പെട്ടവർ പ്രഖ്യാപിച്ചിരുന്നെങ്കിലും അതും ഫലം കണ്ടില്ല.
വിതുര- നെടുമങ്ങാട്- തിരുവനന്തപുരം റൂട്ടിലെ യാത്രാ ദിരിതം വിവരണാതീതമാണ്. തിരുവനന്തപുരം, നെടുമങ്ങാട് ഡിപ്പോകളിൽ നിന്നും വിതുരയിലേക്ക് ബസ് ലഭിക്കണമെങ്കിൽ മണിക്കൂറുകളോളം കാത്തു നിൽക്കണം. മാത്രമല്ല, വല്ലപ്പോഴും വരുന്ന ബസിനുള്ള കയറണമെങ്കിൽ ഇടിയും തൊഴിയും കൊള്ളണം. പല ബസുകളിലും സൂചി കുത്താനുള്ള ഇടമില്ല. വഴിമദ്ധ്യേ ആരെങ്കിലും കാത്തുനിന്നാൽ അവരെ കയറ്റാനും കഴിയില്ല. പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടികളൊന്നുമായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
നേരത്തേ നെടുങ്ങാട്-വിതുര റൂട്ടിൽ അരമണിക്കൂർ ഇടവിട്ട് സ്വകാര്യ സർവീസുകൾ ഒാടിയിരുന്നു. യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഇത്തരം സർവീസുകളുടെ മേൽ മോട്ടോർ വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ സ്വകാര്യവാഹനങ്ങൾ പിൻ വാങ്ങുകയായിരുന്നു. തിരുവനന്തപുരം നെടുങ്ങാട് റൂട്ടിലും ഒാടിയിരുന്ന സ്വാര്യസർവീസുകളും നിലച്ചു. ഇതുമൂലം യാത്രാ ദുരിതം ഇരട്ടിക്കുകയായിരുന്നു.