ഇത് ഇന്ത്യയാണ്. പതിനായിരം മടങ്ങ് ശക്തിയോടെ ഐ.എസ്.ആർ.ഒ തിരിച്ചുവരും -സമൂഹ മാധ്യമങ്ങളുടെ ശബ്ദം ഇന്നലെ ഇങ്ങനെയായിരുന്നു. ഒരൊറ്റ നിമിഷവും വൈകിക്കാതെ ഇന്ത്യൻ ശാസ്ത്രജ്ഞർ മഹാദൗത്യം തുടരുകയാണ്. ചാന്ദ്രദൗത്യത്തിന്റെ അവസാന മൂന്നര മിനിറ്റിലെ പിഴവുകൾ അവലോകനം ചെയ്യാൻ ഇന്നലെ വൈകിട്ടു ചേർന്ന ഉന്നതയോഗം, ലഭ്യമായ ഡാറ്ര വിശകലനം ചെയ്തു.
'അവസാന പതിനഞ്ചു മിനിറ്റിൽ പതിനൊന്നര മിനിറ്റും എല്ലാം ഭംഗിയായിരുന്നു. ആവേശംകൊണ്ട് എഴുന്നേറ്റുനിന്ന് കൈയടിച്ചുപോയി. പിന്നെ അൽപ്പം പാകപ്പിഴകളുണ്ടായി. ലാൻഡറിന്റെ വേഗം കുറച്ച് ചന്ദ്രോപരിതലത്തിൽ ഇറക്കേണ്ട എൻജിനുകളിലൊന്നിനാണോ നാവിഗേഷൻ സംവിധാനത്തിലാണോ പിഴവുണ്ടായതെന്ന് പരിശോധിക്കുകയാണ്. ഐ.എസ്.ആർ.ഒ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റുകൾ വികസിപ്പിച്ചു തുടങ്ങിയപ്പോൾ മൊബൈൽ ഫോൺ, എ.ടി.എം പ്രവർത്തനം, കാലാവസ്ഥാ പ്രവചനം... ഇവയൊന്നും ഇന്നത്തേതു പോലെയാകുമെന്ന് ആരും കരുതിയിരുന്നില്ല. പിന്നീട് ഈ നേട്ടങ്ങളെല്ലാം നമ്മൾ വെട്ടിപ്പിടിച്ചു. ചന്ദ്രയാനിലും ഇതുപോലെല്ലാം സംഭവിക്കും. ഭാവിയിൽ എത്രമാത്രം പ്രയോജനം ഉണ്ടാവുമെന്നത് പ്രവചനാതീതമാണ് '- ചന്ദ്രയാൻ-1, മംഗൾയാൻ അടക്കമുള്ള ദൗത്യങ്ങൾക്ക് നേതൃത്വം വഹിച്ച വി.എസ്.എസ്.സി മുൻ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി.ദത്തൻ 'കേരളകൗമുദി'യോടു പറഞ്ഞു.
ഉടനെ ചന്ദ്രനിൽ പോയി താമസിക്കാനോ അവിടെനിന്ന് സ്വർണമോ പ്ലാറ്റിനമോ ധാതുക്കളോ കൊണ്ടുവരാനോ ആയിരുന്നില്ല നമ്മുടെ ദൗത്യം. ബഹിരാകാശ പഠനത്തിന്റെ അടിസ്ഥാനം തന്നെ മറ്റു ഗ്രഹങ്ങളിൽ നിന്ന് നമുക്ക് ഉപകാരപ്പെടുന്ന മൂല്യമേറിയ എന്തെങ്കിലും കിട്ടുമോ എന്ന അന്വേഷണമാണ്. ഈ വഴിക്കാണ് നമ്മുടെ ചാന്ദ്രദൗത്യവും. ലാൻഡിംഗിൽ പിഴവുണ്ടായെങ്കിലും ഓർബിറ്റർ അതിന്റെ ദൗത്യം നിറവേറ്റും. ഓർബിറ്റർ എട്ടു വർഷംവരെ ചന്ദ്രനെ ഭ്രമണംചെയ്തേക്കും. ചന്ദ്രന്റെ നൂറു കിലോമീറ്റർ ദൂരത്താണ് ഇപ്പോൾ ഓർബിറ്റർ. ലാം എൻജിൻ ഉപയോഗിച്ച് ഈ ദൂരം കുറയ്ക്കാം പക്ഷേ, സുരക്ഷിതമായിരിക്കില്ലെന്നും ദത്തൻ പറഞ്ഞു.