ഓസ്ട്രേലിയയിലെ ടാസ്‌മാനിയയ്ക്ക് സമീപമുള്ള ഒറ്റപ്പെട്ട ദ്വീപാണ് മക്വാറി ദ്വീപ്. കാണാൻ അതിമനോഹരം. എവിടെയും മലനിരകളും ചെടികളും. പക്ഷേ, മനുഷ്യർ വിരളം. ഒരു ഡസനോളം മനുഷ്യർ മാത്രമാണ് ഈ ദ്വീപിലുള്ളത്. അവരാകട്ടെ സ്ഥിരതാമസക്കാരുമല്ല. പക്ഷേ, ഇവിടത്തെ പക്ഷികളാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ദശലക്ഷക്കണക്കിന് പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഇവിടം. പെൻഗ്വിൻ, പെട്രൽ, ആൽബട്രോസ് തുടങ്ങിയ പക്ഷി വർഗങ്ങളാണ് ഇവിടെ കൂടുതലും.
മക്വാറി ദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ടത് പെൻഗ്വിനുകൾ തന്നെയാണ്. ഏകദേശം 4 ദശലക്ഷം പെൻഗ്വിനുകൾ ഇവിടെയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 8,50,000 ത്തോളം റോയൽ പെൻഗ്വിനുകളും ഉണ്ട്. റോയൽ പെൻഗ്വിനുകളെ കാണാൻ സാധിക്കുന്ന ഏക പ്രദേശം കൂടിയാണ് മക്വാറി ദ്വീപ്. റോയൽ പെൻഗ്വിനുകൾ ഉൾപ്പെടെ ആകെ നാല് ഇനം പെൻഗ്വിനുകളാണ് ഇവിടെയുള്ളത്.
കിംഗ് പെൻഗ്വിൻ, ജെൻറ്റൂ പെൻഗ്വിൻ, സതേൺ റോക്ക് ഹോപ്പർ പെൻഗ്വിൻ എന്നിവയാണ് ഇവിടെക്കാണുന്ന മറ്റ് സ്‌പീഷീസുകൾ. ഒരു നൂറ്റാണ്ട് മുമ്പ് മക്വാറി ദ്വീപിൽ പെൻഗ്വിനുകൾക്ക് നേരെ ചൂഷണങ്ങൾ അരങ്ങേറിയിരുന്നു. എണ്ണയ്‌ക്കും മറ്റുമായി ഇവയെ കൊന്നൊടുക്കിയിരുന്നു. വെറും 4,000 എന്ന സംഖ്യയിലേക്ക് പെൻഗ്വിനുകളുടെ എണ്ണം ചുരുങ്ങിയിട്ടുണ്ട്. 1919ൽ മക്വാറി ദ്വീപിൽ പെൻഗ്വിനുകളെ വേട്ടയാടുന്നത് കർശനമായി നിരോധിച്ചു. പിന്നീട് 80 വർഷം കൊണ്ട് ദ്വീപിൽ പെൻഗ്വിനുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് മക്വാറി ദ്വീപ്. 2004 ഡിസംബർ 23ന് മക്വാറി ദ്വീപിൽ റിക്‌ടർ സകെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെങ്കിലും കാര്യമായ നാശനഷ്‌ടങ്ങൾ ഒന്നും ഉണ്ടായില്ല.