kmml-

തിരുവനന്തപുരം: കെ.എം.എം.എൽ അഴിമതിക്കേസിൽ ചീഫ് സെക്രട്ടറിയും കെ.എം.എം.എൽ മുൻ മാനേജിംഗ് ഡയറക്ടറുമായ ടോം ജോസ് ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അന്തിമ റിപ്പോർട്ടിനൊപ്പം ഹാജരാക്കാത്ത പ്രധാന രേഖകൾ അടുത്ത മാസം 10ന് കേസ് പരിഗണിക്കുമ്പോൾ ഹാജരാക്കാൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി അന്വേഷണ ഉദ്യോഗസ്ഥന് കർശന നിർദ്ദേശം നൽകി.

ടോം ജോസിന് പുറമെ കെ.എം.എം.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. സുരേഷ് കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ (ഫിനാൻസ്) സുനിൽ ചാക്കോ എന്നിവരാണ് മറ്റു പ്രതികൾ. മഗ്നീഷ്യം ഇറക്കുമതി ചെയ്തതിൽ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ഖജനാവിന് 1.25 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് വിജിലൻസ് കേസ്.

ചീഫ് സെക്രട്ടറിയെ കുറ്രവിമുക്തനാക്കാൻ അന്വേഷണ സംഘം ആധാരമാക്കിയിരുന്ന 49 പ്രധാന രേഖകളും 42 സാക്ഷി മൊഴികളും കോടതിയിൽ ഹാജരാക്കിയിരുന്നില്ല. രേഖകൾ പരിശോധിയ്ക്കാതെ റിപ്പോർട്ട് തള്ളണോ കൊള്ളണോയെന്ന് എങ്ങനെ തീരുമാനിക്കുമെന്ന് കോടതി ചോദിച്ചു. സാധാരണ ഗതിയിൽ റിപ്പോർട്ടിനൊപ്പം രേഖകളും ഹാജരാക്കേണ്ടതല്ലേയെന്നും ചോദിച്ചു. വിജിലൻസ് രേഖകൾ ഹാജരാക്കാത്തതു കൊണ്ട് റിപ്പോർട്ടിനെതിരായ ആക്ഷേപം ഫയൽ ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതിക്കാരനായ കെ.എം.എം.എൽ മുൻ ഉദ്യോഗസ്ഥൻ രവീന്ദ്രന്റെ അഭിഭാഷകനും പരാതിപ്പെട്ടു.

വിജിലൻസ് എസ്.പി കെ.ഇ. ബെെജുവാണ് പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതികൾക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.