sugathakumari

തിരുവനന്തപുരം : തെറ്റായ വികസന നയങ്ങളെ എതിർക്കുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രണ്ടു ചേരിയാക്കുന്ന ഭരണ തന്ത്രം നല്ല ഭരണാധികാരികൾക്ക് ചേർന്നതല്ലെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഒരുവിഭാഗം ജനങ്ങളെ തങ്ങൾക്കെതിരെ തിരിച്ചുവിട്ട് വിഭജിച്ചു ഭരിക്കുക എന്ന തന്ത്രപരമായ സമീപനമാണ് വിവിധ സർക്കാരുകൾ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യത്താൽ വീട്ടിൽ വിശ്രമിക്കുന്ന കവയിത്രി സുഗതകുമാരിയെ കാണാനെത്തിയപ്പോഴായിരുന്നു സൂസപാക്യത്തിന്റെ പ്രതികരണം. തുടർന്ന് സൂസപാക്യം സുഗതകുമാരിക്ക് പഴക്കൂട സമ്മാനിച്ച് ഓണാശംസർകൾ നേർന്നു. സഹോദരിമാരുടെ വിയോഗവും വെള്ളപ്പൊക്കവും കാരണം ഇക്കുറിയും തനിക്ക് ഓണാഘോഷമില്ലെന്ന് സുഗതകുമാരി പറഞ്ഞു. പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അശ്വതി തിരുനാൾ, ശാന്തി സമിതി വൈസ് ചെയർമാൻ ഷഹീർ മൗലവി, സെക്രട്ടറി ജെ.എം.റഹിം, കൺവീനർ ആർ.നാരായണൻ തമ്പി, മെഹബൂബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.