
തിരുവനന്തപുരം: പ്രത്യേക സി.ബി.ഐ കോടതിയിൽ നടന്നുവന്ന സിസ്റ്രർ അഭയ വധക്കേസിന്റെ വിചാരണ ഇന്നലെ മുടങ്ങി. വിചാരണയ്ക്കെത്തിയ നാല് സാക്ഷികളും കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നൽകുമെന്ന ഭയത്താൽ സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് വിചാരണ മുടങ്ങിയത്.
36 മുതൽ 39 വരെ സാക്ഷികളായ സിസ്റ്രർ വിനീത, സിസ്റ്റർ ആനന്ദ്, സിസ്റ്രർ ക്ളാര, സിസ്റ്രർ ഷേർളി എന്നിവരെയാണ് ഇന്നലെ വിസ്തരിക്കേണ്ടിയിരുന്നത്. ഇതിൽ ക്ളാര തിരുവസ്ത്രം ഉപേക്ഷിച്ച് പിന്നീട് വിവാഹിതയായിരുന്നു. നാല് സാക്ഷികളും പ്രതികൾ പ്രതിനിധാനം ചെയ്യുന്ന സഭയോട് കൂറ് പുലർത്തുന്നവരാണ്. ഇതുവരെ വിസ്തരിച്ച 12 സാക്ഷികളിൽ അഞ്ച് പേർ കൂറുമാറിയിരുന്നു.
സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്നത് വിചാരണയെ ഗുരുതരമായി ബാധിക്കുമെന്ന് കണ്ടാണ് സി.ബി.ഐ തന്ത്രപരമായ നീക്കം നടത്തിയത്. സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്ന നിർണായക വിവരങ്ങൾ ഇതുവരെയുള്ള സാക്ഷികളിൽ നിന്ന് ലഭിച്ചതിനാൽ കേസ് വിജയിപ്പിക്കാനാകുമെന്നാണ് സി.ബി.ഐയുടെ വിലയിരുത്തൽ.