chandrayan-2

തിരുവനന്തപുരം:ഇന്ത്യയുടെ ചാന്ദ്രസ്വപ്നത്തിന്റെ ചിറകരിഞ്ഞ് ഇരുട്ടിലേക്ക് വീണ ലാൻഡറിനെ ചന്ദ്രയാൻ - 2 പേടകമായ ഓർബിറ്റർ കണ്ടെത്തി. മാത്രമല്ല, ലാൻഡർ ചന്ദ്രന്റെ 350 മീറ്റർ വരെ അടുത്തെത്തിയെന്നും അവിടെ വച്ചാണ് ബന്ധം നഷ്ടമായതെന്നും ഐ.എസ്.ആർ.ഒ ശാസ്‌ത്രജ്ഞർ കണ്ടെത്തി.

ചന്ദ്രനിലേക്ക് സോഫ്റ്റ് ലാൻഡ് ചെയ്യുമ്പോൾ 2.1 കിലോമീറ്റർ അകലെ വച്ച് ഭൂമിയുമായുള്ള ബന്ധം അറ്റുവെന്നാണ് ഒൗദ്യോഗിക വിവരം. എന്നാൽ ഐ.എസ്.ആർ.ഒയുടെ പരിശോധനയിൽ ചന്ദ്രോപരിതലത്തിന് 350 മീറ്റർ മുകളിൽ നിന്നാണ് ലാൻഡറിൽ നിന്നുള്ള അവസാനസന്ദേശം എത്തിയതെന്നാണ് കണ്ടെത്തിയത്. അതുവരെയുള്ള സന്ദേശങ്ങൾ കൃത്യമായി ലഭിച്ചിട്ടുണ്ട്. അതിന് ശേഷം ലാൻഡർ നിയന്ത്രണം വിട്ട് നിലത്തുപതിച്ചെന്നാണ് കരുതുന്നത്.

ചന്ദ്രന്റെ ഉപരിതലത്തിൽ ചരിഞ്ഞ് കിടക്കുന്ന ലാൻഡറിന്റെ ചിത്രവും ഒാർബിറ്റർ ഇന്നലെ പകർത്തി. നിലത്ത് ഇടിച്ചിറങ്ങിയതിനാൽ അതിലെ വാർത്താ വിനിമയ സംവിധാനങ്ങൾ തകരാറിലായെന്നാണ് അനുമാനം. സോഫ്റ്റ് ലാൻഡിംഗിന്റെ ഭാഗമായി അതുവരെ മെല്ലെ താഴേക്ക് വന്ന ലാൻഡർ എങ്ങിനെ ഇടിച്ചിറങ്ങിയെന്ന് പരിശോധിച്ചു വരികയാണ്.

ബന്ധം നഷ്‌ടമാകാൻ മൂന്ന് സാദ്ധ്യതകൾ

സാദ്ധ്യത 1

ചന്ദ്രനിലെ ഗുരുത്വാകാർഷണത്തിലെ സവിശേഷത മൂലം ലാൻഡറിന്റെ പ്രയാണത്തിൽ പിഴവുണ്ടാകാം. ഭൂമിയുടെ ഗുരുത്വബലത്തിന്റെ ആറിലൊന്നാണ് ചന്ദ്രനിലെ ഗുരുത്വബലം. റഷ്യയും അമേരിക്കയും നൽകിയ ഗുരുത്വാകാർഷണ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് സോഫ്റ്റ് ലാൻഡിംഗിന്റെ വേഗത നിയന്ത്രിച്ചത്. ലാൻഡറിലെ അഞ്ച് എൻജിനുകൾ ജ്വലിപ്പിച്ചും അണച്ചും വിപരീതദിശയിൽ പ്രവർത്തിപ്പിച്ചുമൊക്കെയാണിത് നിർവ്വഹിച്ചത്. ഗുരുത്വാകർഷണം കണക്കാക്കിയതിലെ പിഴവ് ലാൻഡറിന്റെ ബാലൻസ് തെറ്റിച്ചെന്നാണ് അനുമാനം. ബാലൻസ് തെറ്റിയാൽ ഇതിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ കേടായി വിനിമയബന്ധം മുറിയാം.

സാദ്ധ്യത 2

ലാൻഡറിലെ ഗതിനിർണയ സംവിധാനത്തിലെ മാറ്റങ്ങൾ. ഐ.എൻ.എസ്. ഗതിനിർണയ സംവിധാനമനുസരിച്ചാണ് പേടകം ഭ്രമണം ചെയ്യുക. ലാൻഡിംഗിലേക്ക് കടക്കുമ്പോൾ അത് ചന്ദ്രന്റെ ഭ്രമണവുമായി താരതമ്യം ചെയ്യുന്ന രീതിയിലാവും. പേടകത്തിലെ അൾട്ടിമീറ്റർ ഉപയോഗിച്ചാണിത് നിർവ്വഹിക്കുന്നത്. ചന്ദ്രോപരിതലത്തിലേക്കുള്ള കൃത്യമായ അകലം കണക്കാക്കാൻ ലേസർറിട്രോ റിഫ്ലക്ടറുകളാണുപയോഗിച്ചത്. ലേസർതരംഗങ്ങൾ ചന്ദ്രോപരിലത്തിൽ പ്രതിഫലിച്ച് തിരിച്ചെത്തുന്നത് കണക്കാക്കിയാണ് ലാൻഡർ എത്രതാഴ്‌ത്തണമെന്ന് പേടകം കണക്കാക്കുന്നത്. ഇങ്ങനെ മാറുമ്പോഴുണ്ടായ ചെറിയ വ്യത്യാസം ലാൻഡറിന്റെ സന്തുലനം തെറ്റിക്കാം

സാദ്ധ്യത 3

വേഗത നിയന്ത്രിക്കുന്നതിലെ പിഴവുകൾ. ലാൻഡർ സ്‌കാൻ ചെയ്ത നൽകിയ വിവരങ്ങളുടെയും അതിൽ നിന്ന് ലഭിക്കുന്ന തിരശ്ചീനവും ലംബമാനവുമായ പ്രവേഗങ്ങളും പ്രതലവുമായുള്ള അകലവും കണക്കാക്കിയാണ് ലാൻഡറിലെ നാല് എൻജിനുകൾ പ്രവർത്തിപ്പിച്ച് വേഗതയും സന്തുലനവും നിയന്ത്രിക്കുന്നത്. ഇതിലെ പിഴവുകളാണ് മൂന്നാമത്തെ സാദ്ധ്യത.

ആ ഭീകര കാൽമണിക്കൂർ

സോഫ്റ്റ് ലാൻഡ് ചെയ്യുന്ന 15 മിനിട്ടുകൾ ഭീകരമായിരിക്കുമെന്നാണ് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ ശിവൻ വിശേഷിപ്പിച്ചിരുന്നത്. അത് തന്നെയാണ് സംഭവിച്ചതും. സാങ്കേതികമായി ഏറെ സങ്കീർണമായ നിരവധി നിർദ്ദേശങ്ങളുടെയും ചടുലമായ പ്രവർത്തനങ്ങളുടെയും ആകെത്തുകയാണ് അവസാന പതിനഞ്ച് മിനിറ്റിൽ സംഭവിക്കുക. അതുകൊണ്ട് തന്നെയാണ് അത് ഭീകരമാകുന്നതും.ആ പ്രക്രിയ മുഴുവൻ പുനരവലോകനം ചെയ്താലേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായ റിപ്പോർട്ട് തയ്യാറാക്കാൻ കഴിയൂ എന്നാണ് ഐ.എസ്.ആർ.ഒ. നൽകുന്ന വിവരം. ഇൗ നടപടി ആരംഭിച്ചു. പൂർത്തിയാകാൻ രണ്ടോമൂന്നോ ദിവസമെടുക്കും.

സെപ്‌റ്റംബർ 7ന് പുലർച്ചെ 1.36ന് സോഫ്റ്റ് ലാൻഡിംഗ് തുടങ്ങി

ആദ്യഘട്ടം റഫ് ബ്രേക്കിംഗ്

തുടർന്ന് ആൾട്ടിറ്റ്യൂഡ് കൺട്രോൾ

പിന്നെ ഫൈൻ ബ്രേക്കിംഗ്.

ആദ്യരണ്ടു ഘട്ടങ്ങളും ലാൻഡർ പൂർത്തിയാക്കി

 ഫൈൻ ബ്രേക്കിംഗ് തീരുന്നതിന് തൊട്ടുമുമ്പ് ബന്ധം നഷ്ടമായി.

ലാൻഡിംഗിന് മൂന്ന് മിനിറ്റിൽ താഴെ ശേഷിക്കെയാണ് ബന്ധം അറ്റത്.

ഇങ്ങിനെ സംഭവിച്ചാൽ ക്രാഷ് ലാൻഡിംഗായിരിക്കും ഫലം.