തിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഹൈടെക് തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പി.പി. പ്രണവ്, നാലാം പ്രതി ഡി. സഫീർ എന്നിവർ തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി. ഇടുക്കിയിൽ ഒളിവിലായിരുന്ന ഇരുവരും ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് കോടതി മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇരുവരെയും 20 വരെ റിമാൻഡ് ചെയ്തു.
ഇവർ കീഴടങ്ങുമെന്ന് സൂചനയുണ്ടായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കോടതി വളപ്പിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുണ്ടായിരുന്നു. വഞ്ചിയൂർ പൊലീസ് ഇവരെ ഏറ്റുവാങ്ങി പൂജപ്പുര ജയിലിലേക്ക് മാറ്റി. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതിയായ പ്രണവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോൺസ്റ്റബിൾ പരീക്ഷയിൽ രണ്ടാം റാങ്ക് പ്രണവിനാണ്. സഫീർ വി.എസ്.എസ്.സിയിൽ കരാർ പണിക്കാരനായിരുന്നു. പി.എസ്.സിയുടെ ഫയർമാൻ റാങ്ക് പട്ടികയിലുണ്ട്.
ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്ത്, 28-ാം റാങ്കുള്ള നസീം, ഇവർക്ക് ഉത്തരങ്ങളയച്ച എസ്.എ.പിയിലെ പൊലീസുകാരൻ ഗോകുൽ എന്നിവരാണ് മറ്റ് പ്രതികൾ. ഇവരെല്ലാം പൂജപ്പുര ജയിലിലാണ്. തട്ടിപ്പിനുപയോഗിച്ച മൊബൈലുകളും സ്‌മാർട്ട് വാച്ചുകളും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സഫീറിനെയും പ്രണവിനെയും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെടും. ഓണാവധി കഴിഞ്ഞ് 16നേ അപേക്ഷ പരിഗണിക്കൂ. റാങ്കുകാരെ വീണ്ടും പരീക്ഷയെഴുതിക്കണമെന്ന ആവശ്യവും കോടതി അന്ന് പരിഗണിക്കും.
പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ സഫീർ പ്രണവിന്റെ ഉറ്റ സുഹൃത്താണ്. ഇരുവരും ഒരുമിച്ച് ഫുട്ബാൾ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. സിവിൽ പൊലീസ് ഓഫീസറുടെ പഴയ റാങ്ക് ലിസ്റ്റിലെ സപ്ലിമെന്ററി പട്ടികയിൽ സഫീർ ഉണ്ടായിരുന്നെങ്കിലും നിയമനം ലഭിച്ചില്ല. പ്രണവിന്റെ അയൽക്കാരനാണ് ഗോകുൽ. പരീക്ഷാദിവസം ഉച്ചയ്ക്ക് 1.32 മുതൽ 2.02വരെ 29 എസ്.എം.എസുകളാണ് ഗോകുലിന്റെ മൊബൈലിൽ നിന്ന് പ്രണവിന് ലഭിച്ചത്. 29 സന്ദേശങ്ങളിലായി എത്ര ഉത്തരങ്ങൾ കൈമാറിയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തണം.
2015 സെപ്തംബറിലെ കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 199-ാം റാങ്കുകാരനായിരുന്ന ഗോകുലിന് 2017 ഫെബ്രുവരിയിലാണ് പരിശീലനം തുടങ്ങിയത്. 9 മാസത്തെ പരിശീലനത്തിനുശേഷം എസ്.എ.പി ക്യാമ്പിൽ കോൺസ്റ്റബിളായി. രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് അവിടെ അക്കൗണ്ട് റൈറ്ററുടെ ചുമതല ലഭിച്ചു.
നുണ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്
പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും നുണ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. നുണ പരിശോധനയ്ക്ക് പ്രതികളുടെ സമ്മതം വേണം.