onam

കിളിമാനൂർ: ഓണാഘോഷത്തിന്റെ ആർപ്പുവിളികൾക്കിടെ നന്മ വറ്റാത്ത മനസിനുടമകളായ പാപ്പാല ഗവൺമെന്റ് എൽ.പി.എസിലെ വിദ്യാർത്ഥികൾ ഓണസമ്മാനവുമായി നിരാലംബരെ തേടിയെത്തി. സമീപത്തെ 3 വാർഡുകളിലെ 15 കിടപ്പുരോഗികൾക്ക് അവരുടെ വീടുകളിലെത്തി ഓണപ്പുടവ സമ്മാനിച്ച് ഇവർ മാതൃകയായി. 22 വർഷം മുമ്പ് പാപ്പാല എൽ.പി.എസിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഓണാവധി കാലത്ത് ഊഞ്ഞാലാട്ടത്തിനിടെ വീണ് അരയ്ക്കുതാഴെ തളർന്നു കിടക്കുന്ന ആനപ്പാറ വീട്ടിൽ ശിവരാജൻ ആശാരിയുടെയും ശാന്തയുടെയും മകൾ രഞ്ജിനിയുടെ വീട്ടിലെത്തിയപ്പോൾ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അത് വല്ലാത്ത നൊമ്പരമായി. പ്രകൃതി സ്നേഹം മുറുകെപ്പിടിച്ചുകൊണ്ട് പേപ്പർ പേന നിർമിക്കുന്ന രഞ്ജിനി തന്റെ വിദ്യാലയ അനുഭവങ്ങൾ വിവരിച്ചപ്പോൾ കുട്ടികൾ ആകാംക്ഷയോടെ കേട്ടിരുന്നു. അവശരായവരെ സഹായിക്കണമെന്ന മൂല്യബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ ഈ പ്രവർത്തനം ഏറ്റെടുത്തത്. ഭവന സന്ദർശന പരിപാടിക്ക് പി.ടി.എ പ്രസിഡന്റ് കെ.ജി. ശ്രീകുമാർ, എസ്.എം.സി ചെയർമാൻ മാഹീൻ, സജീവ് മോഹനചന്ദ്രൻ ഹരിദാസ്, സുനിൽകുമാർ. എം.പി.ടി.എ പ്രസിഡന്റ് ലിസ, പ്രഥമാദ്ധ്യാപകൻ കെ.വി. വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി. ഓണാഘോഷ പരിപാടികൾ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഉദ്ഘാടനം ചെയ്തു. നാട്ടുപൂക്കൾ കൊണ്ടുള്ള അത്തപ്പൂക്കളം, ഓണക്കളികൾ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.