photo

നെടുമങ്ങാട്: നെടുമങ്ങാടിന് ഓണസമ്മാനമായി അജൈവ ഖരമാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തിച്ചു തുടങ്ങി. നെടുമങ്ങാട് ബ്ലോക്കും അനുബന്ധ ഗ്രാമപഞ്ചായത്തുകളും ഇനി അജൈവ ഖരമാലിന്യ വിമുക്ത കേന്ദ്രങ്ങളാകും. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ഖരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് നെടുമങ്ങാട് ബ്ലോക്കു പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് സജ്ജീകരിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ (ആർ.ആർ.എഫ്) കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചതോടെയാണ് ബ്ലോക്ക് ജൈവികതയ്ക്കുള്ള മുതൽക്കൂട്ടായുള്ള ഈ നേട്ടം കൈവരിച്ചത്. ഖരമാലിന്യം പ്രകൃതിക്കു ദോഷകരമാകാതെ ശാസ്ത്രീയമായി സംസ്കരിക്കാനാകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ബി. ബിജു പറഞ്ഞു. ഗ്രാമപഞ്ചായത്തുകളിലെ മാലിന്യങ്ങൾ കൂടി ശേഖരിച്ചും സംഭരിച്ചുമാണ് സംസ്കരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതര തദ്ദേശ സ്ഥാപനങ്ങൾക്കു കൂടി പ്രയോജനപ്പെടും വിധം സെന്ററിനെ വിപുലപ്പെടുത്താനും പദ്ധതിയുണ്ട്. സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി. എ.സി. മൊയ്തീൻ നിർവഹിച്ചു. സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷനായി. ഡി.കെ. മുരളി എം.എൽ.എ, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് വി.കെ. മധു, ആനാട് ജയൻ, അഡ്വ.ആർ.ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, അഡ്വ. അരുൺകുമാർ എന്നിവർ സംസാരിച്ചു.