നേമം: കഴക്കൂട്ടം സ്വദേശിയായ യുവതി കഴിഞ്ഞദിവസം നേമം കാരയ്ക്കാമണ്ഡപത്തെ വാടക വീട്ടിൽ മരിക്കാനിടയായ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇവരുടെ ഭർത്താവ് പൊലീസ് നിരീക്ഷണത്തിലാണ്. കഴക്കൂട്ടം അമ്പലത്തിൻകര സെറ്റിൽമെന്റ് കോളനിയിൽ രാജൻ-തുളസി ദമ്പതികളുടെ മകൾ രേഷ്‌മയെ (24) ആണ് പുതിയ കാരയ്ക്കാമണ്ഡപം തമ്പുരാൻനഗർ മുതുകാട്ടുവിള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് മുക്താർ അഹമ്മദിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ ദിവസം മുക്താറാണ് രേഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നു പറഞ്ഞ് മൃതദേഹം ഒരു ആട്ടോയിൽ ശാന്തിവിള താലൂക്കാശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ ഇയാൾ ചോദ്യം ചെയ്യലുമായി കൂടുതൽ സഹകരിച്ചിരുന്നില്ല. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന രേഷ്മയുടെ മൃതദേഹം ഇന്നലെ ആർ.ഡി.ഒയുടെ സാനിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയിരുന്നു. പോസ്റ്ര് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കാര്യങ്ങൾ കൂടുതൽ വ്യക്തമാകൂ.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ബന്ധുക്കൾ പരാതി നൽകിയാൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്രം ചുമത്തേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ഇന്നലെ പോസ്റ്റുമോർട്ടം ചെയ്ത ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി വൈകിട്ട് 4 ഓടെ കഴക്കൂട്ടത്തേക്ക് കൊണ്ടുപോയി.