തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയത്തിൽ വീടുകൾ നഷ്ടമായ എണ്ണായിരത്തോളം പേർ ഇത്തവണ പുതിയ വീട്ടിൽ ഓണമുണ്ണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിൽ കൈകോർത്തവരെ ആദരിക്കാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
7500 ഓളം വീടുകളുടെ നിർമ്മാണം പൂർത്തിയായി. 5500 ഓളം വീടുകളുടെ നിർമ്മാണം അതിവേഗത്തിൽ നടക്കുകയാണ്. ദുരന്ത നിവാരണ പ്രവർത്തനത്തിൽ സ്വയംസന്നദ്ധരായി മുന്നോട്ടുവരുന്ന യുവാക്കൾ നാടിന്റെ കരുത്താണ്. ഇനിയൊരു ദുരന്തം വന്നാൽ അതിനെ ചെറുക്കാൻ ശേഷിയുള്ള പുനർനിർമ്മാണ മാതൃകയാണ് വേണ്ടത്. അത്തരത്തിലുള്ള പുനർനിർമ്മാണ പ്രക്രിയയാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷനായിരുന്നു. വി.എസ്.ശിവകുമാർ.എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി.പി.മുരളി, വി.രഞ്ജിത്ത്, ചെറ്റച്ചൽ സഹദേവൻ, കെ.ശ്രീകുമാർ, ആർ.സുഭാഷ്, എം.പി.ജയലക്ഷ്മി, ബി.ജു.വി.എസ്.എന്നിവർ സംസാരിച്ചു. 'പരിസ്ഥിതി ദുരന്തങ്ങളും പ്രാദേശികാസൂത്രണവും' എന്ന വിഷയത്തിൽ സെമിനാറും നടന്നു. ആസൂത്രണ ബോർഡ് അംഗം ഡോ.കെ.എൻ ഹരിലാൽ വിഷയാവതരണം നടത്തി.