തിരുവനന്തപുരം: പാറ ഖനനത്തിന് കളക്ടർ എൻ.ഒ.സി നൽകിയ ഉഴമലയ്ക്കൽ പഞ്ചായത്തിലെ മങ്ങാട്ടുപാറ സന്ദർശിക്കാൻ റവന്യു സംഘം എത്തി. കളക്ടറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി റവന്യു മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.എം വിനോദിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കാൻ എത്തിയത്.
ഉഴമലയ്ക്കൽ വില്ലേജ് ഓഫീസർ ജയകുമാരി, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ. റഹിം, വൈസ് പ്രസിഡന്റ് ബി.ബി. സുജാത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്. സുനിൽകുമാർ, കെ. ജയകുമാർ, ആർ. സുജാത, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ. ജയരാജ്, എസ്. മനോഹരൻ, കണ്ണൻ. എസ്. ലാൽ, ഹരികുമാർ, പാറയിൽ മധു, എൻ. ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ.എസ്. ലത, മനിലാ ശിവൻ, ഷൈജ, ബീന, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷാഫി തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഉദ്യോഗസ്ഥ സംഘം എത്തുന്നതറിഞ്ഞ് നിരവധി നാട്ടുകാരും മങ്ങാട്ടുപാറയിൽ എത്തിയിരുന്നു. സ്ഥലം പരിശോധന നടത്തിയത് സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകുമെന്ന് എ.ഡി.എം വിനോദ് പറഞ്ഞു.