male-nurse-of-medicalcoll

ഉള്ളൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീക്ക് നൽകാനെന്ന വ്യാജേനെ പതിനായിരത്തിലേറെ രൂപയുടെ മരുന്ന് വാങ്ങിപ്പിച്ച ശേഷം തിരികെ മെഡിക്കൽ സ്റ്റോറിൽ നൽകി പണം തട്ടിയ കേസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് മെയിൽ നഴ്സുമാരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ആയിരക്കുഴി സ്വദേശി ഷമീർ (29), ഓരുടമ്പലം മന്നടിക്കോണം സ്വദേശി ബിവിൻ (33) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മകൻ വിപിന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവെ കാര്യവട്ടത്തിന് സമീപം നടന്ന അപകടത്തിൽ കട്ടൈക്കോണം സ്വദേശിനി ബേബിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അർദ്ധബോധാവസ്ഥയിൽ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച ബേബിക്ക് അടിയന്തര ശസ്ത്രക്രിയയ്ക്ക് വില കൂടിയ മരുന്നുകൾ വാങ്ങാൻ ഡ്യൂട്ടി നഴ്സുമാർ കുറിപ്പടി നൽകി. ആശുപത്രിക്ക് പുറത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്നും 10,793 രൂപയുടെ മരുന്നാണ് വാങ്ങിയത്. ഓപ്പറേഷൻ തിയേറ്ററിലേക്ക് മരുന്ന് കൈമാറവെ, ബില്ല് കൂടി സ്റ്റാഫ് നഴ്സ് ഷമീർ രോഗിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കലാക്കി.

കഴിഞ്ഞ ദിവസം ബില്ലിന്റെ ഡ്യൂപ്ലിക്കേറ്റ് ആവശ്യപെട്ട് ബന്ധുക്കൾ മെഡിക്കൽ സ്റ്റോറിൽ എത്തിയപ്പോഴാണ് രണ്ട് പേർ മരുന്നും ബില്ലും തിരികെ നൽകി പണം കൈപ്പറ്റിയതായി അറിഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് എസ്.ഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ ഇതിന് മുൻപും ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സി.ഐ. അരുൺകുമാർ കെ.എസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.