offern

കിളിമാനൂർ: അനാഥത്വത്തിന്റെ നൊമ്പരങ്ങളുമായി വൃദ്ധസദനത്തിൽ ജീവിതം തള്ളി നീക്കുന്ന വയോജനങ്ങൾക്ക് സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും തൂവൽ സ്പർശവുമായി സ്കൂൾ കുട്ടികൾ രംഗത്തെത്തി. കിളിമാനൂരിലെ ചക്കുളത്തമ്മ വൃദ്ധസദനത്തിലെ അന്തേവാസികളെ കൂടി സ്കൂളിന്റെ ഒാണോഘോഷ പരിപാടിയിൽ പങ്കെടുപ്പിച്ച് കൊണ്ടാണ് കിളിമാനൂർ ആർ.ആർ.വി സ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയായത്. വാഹനങ്ങളിൽ സ്കൂളിലെത്തിയ ഇരുപത്തിമൂന്ന് വയോജനങ്ങളെ തങ്ങളുടെ പൂർവകാല സ്മരണകൾ ഉണർത്തുന്ന രീതിയിൽ പാട്ടു പാടിയും നൃത്തം ചെയ്തും കരഘോഷം മുഴക്കിയുമൊക്കെയാണ് കുട്ടികൾ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചത്. ക്രച്ചസും വടിയുമൊക്കെ ഊന്നി വാഹനത്തിൽ നിന്നുമിറങ്ങിയ ഇവരിൽ പലർക്കും നടക്കാൻ പോലും ശേഷിയുണ്ടായിരുന്നില്ല. ടീച്ചർമാരും കുട്ടികളും ഇവരെ താങ്ങി പിടിച്ച് സ്വന്തം മാതാപിതാക്കളെയെന്നോണം ആനയിച്ചപ്പോൾ കാഴ്ചക്കാരായി നിന്ന മറ്റുള്ളവരുടെ കണ്ണുകൾ ഈറനണിഞ്ഞു. വയോജനങ്ങളുടെ കഥകൾ ചോദിച്ചറിയുന്നതിലും അവരെ ആശ്വസിപ്പിക്കുന്നതിലും കുരുന്നുകൾ കാട്ടിയ താത്പര്യവും ശ്രദ്ധേയമായി. ചൂട്ടയിൽ സ്വദേശിയായിരുന്ന ശ്രീധരന്റെ കഥ കേട്ടു നിന്നവരുടെ കരളലിയിക്കുന്നതായിരുന്നു. കൊട്ടാരത്തിലെ പുറംജോലിക്കാരിയായിരുന്ന മാതാവ് കാർത്യായനി അമ്മയുടെ തണലിൽ അല്ലലില്ലാതെ വളർന്ന ശ്രീധരൻ വിവാഹശേഷം തമിഴ്നാട്ടിലെത്തി ഒരു ബേക്കറി തുടങ്ങി. പക്ഷെ നിർഭാഗ്യവശാൽ ബേക്കറി പൊളിഞ്ഞു. പിന്നെ നാട്ടിലെത്തി ഭാഗ്യക്കുറി വില്‌പന തുടങ്ങി. അതിനിടയിൽ ഒരു നാലുനില കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് കാൽ വഴുതി വീണ് കാലൊടിഞ്ഞതോടെ ജീവിതം വഴിമുട്ടി. നോക്കാൻ ആളില്ലാതായതോടെ നാട്ടുകാർ വൃദ്ധസദനത്തിലെത്തിക്കുകയായിരുന്നു. മുട്ടാമല സ്വദേശിനിയായ 87കാരി കൗസല്യക്ക് സ്വന്തമായി 10 സെന്റ് ഭൂമിയുണ്ട്. ഭർത്താവ് മരിച്ചതോടെ ഒറ്റയ്ക്കായ കൗസല്യ പ്രായാധിക്യത്തിന്റെ അവശതകൾ കാരണം വൃദ്ധസദനത്തിൽ അഭയം തേടുകയായിരുന്നു. ഇതു പോലെ അന്തേവാസികളായ സുൽഫിയും മുഹമ്മദ് ബഷീറും പ്രകാശുമൊക്കെ തങ്ങളുടെ ദുരന്തകഥകൾ കുട്ടികൾക്ക് മുന്നിൽ നിരത്തി. പാട്ടുകാരനായ പ്രകാശ് ഇതിനിടയിൽ ഓണപ്പാട്ട് പാടി കുട്ടികളെ ആകർഷിക്കുകയും ചെയ്തു. ഇവർക്കായി വിവിധ ഒാണപരിപാടികളും സംഘടിപ്പിച്ചിരുന്നു. വിഭവ സമൃദ്ധമായ സദ്യയും ഓണക്കോടികളും നൽകിയാണ് കുട്ടികളും അദ്ധ്യാപകരും ഇവരെ യാത്രയാക്കിയത്.