തിരുവനന്തപുരം: ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ പത്തിരട്ടിയായി വർദ്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര നിയമത്തിന്റെ പേരിൽ ഓണക്കാലത്ത് വാഹനങ്ങളെ പിഴിയരുതെന്ന് മുഖ്യമന്ത്രി പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഓണത്തിന് ശേഷം കേന്ദ്ര നിയമം നടപ്പിലാക്കുന്നതിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും ഇന്നലെ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ അദ്ദേഹം നിർദേശിച്ചു.ഇക്കാര്യത്തിൽ ജനവികാരം കൂടി പരിഗണിക്കണം.. നിയമം നടപ്പിലാക്കിയ ചില സ്ഥലങ്ങളിൽ വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അമിതാവേശം കാണിച്ചു. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും :മുഖ്യമന്ത്രി പറഞ്ഞു.
ഗതാഗത നിയമലംഘനങ്ങളുടെ പേരിലുള്ള പിഴത്തുക പത്തിരട്ടി വരെ കൂട്ടിയ കേന്ദ്ര തീരുമാനം പ്രതിഷേധം പോലും ഉയർത്താതെ കേരളത്തിലും അതേപടി നടപ്പിലാക്കുന്നതിൽ പ്രതിഷേധം ശക്തമാണെന്ന് കഴിഞ്ഞ ദിവസം 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹന വകുപ്പും പൊലീസും സ്ഥാപിച്ചിരിക്കുന്ന കാമറകളിൽ കേടായവ മൂന്നു മാസത്തിനുള്ളിൽ നന്നാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.. കാമറകൾ കേടാകുന്നത് ഗതാഗത നിയമ ലംഘകർക്കും കുറ്റവാളികൾക്കും സഹായകമാണെന്ന് യോഗം ചൂണ്ടിക്കാട്ടി..
മന്ത്രി എ.കെ.ശശീന്ദ്രൻ, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത, ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ട്രാൻസ്പോർട്ട് കമ്മിഷണർ ആർ.ശ്രീലേഖ തുടങ്ങിയവർ സംബന്ധിച്ചു.