തിരുവനന്തപുരം: ചാന്ദ്രഭൂവിൽ ലാൻഡർ ഇറക്കാനായില്ലെങ്കിലും ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.കെ. ശിവന്റെ താരമൂല്യം ഉയർന്നുതന്നെ.അദ്ദേഹത്തിന്റെ അർപ്പണബോധവും കഠിനാധ്വാനത്തിലും രാജ്യത്തിനും ജനങ്ങൾക്കുമുള്ള വിശ്വാസം തന്നെ അതിന് കാരണം. ചന്ദ്രയാൻ 2 വിക്ഷേപണം ജൂലായ് 15നാണ് നിശ്ചയിച്ചിരുന്നത്. ജിഎസ്.എൽ.വി. റോക്കറ്റിന്റെ ചെറിയ പിഴവുകൾ മൂലം അത് മാറ്റിവെക്കേണ്ടിവന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി വെറും 24 മണിക്കൂറിനകം പിഴവുകൾ പരിഹരിച്ച് പുതിയ വിക്ഷേപണതീയതി കുറിച്ച് 22ന് തന്നെ ചന്ദ്രയാൻ 2 വിക്ഷേപണം നിർവ്വഹിച്ച ശിവന്റെ നിശ്ചയദാർഢ്യം അന്ന് വാർത്തയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയ റേഡിയോ പരിപാടിയായ മൻകി ബാത്തിൽ അദ്ദേഹം ഇൗ സംഭവം പരാമർശിക്കുകയും ചെയ്തു.
ഡോ. ശിവന്റെ നിശ്ചയദാർഢ്യത്തിനും സമയബന്ധിതമായ പ്രവർത്തനത്തിനും ഒരു ഉദാഹരണം മാത്രമാണിത്. തിരുവനന്തപുരത്തെ വി.എസ്. എസ്. സി. ഡയറക്ടറായിരുന്ന ഡോ. ശിവന്റെ ഇൗ സമീപനമാണ് തദ്ദേശീയമായി ജി.എസ്.എൽ.വി. റോക്കറ്റിന്റെ നിർമ്മിതിക്ക് തന്നെ കാരണമായതെന്ന് പറയാം. ക്രയോജനിക് എൻജിൻ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ച ശിവൻ 2018 ജനുവരിയിലാണ് ഐ.എസ്. ആർ.ഒയുടെ ചെയർമാൻ പദവിയിലെത്തിയത്.
കന്യാകുമാരിയിലെ സരക്കൽവിളയെന്ന കൊച്ചുഗ്രാമത്തിൽ ജനിച്ച കൈലാസവടിവ് ശിവൻ എന്ന ഡോ. കെ.ശിവൻ കർഷക കുടുംബത്തിൽ ജനിച്ച് കർഷനായി ജീവിച്ച് ശാസ്ത്രജ്ഞനായി വളർന്നയാളാണ്. സഹോദരങ്ങളാരും അധികം പഠിച്ചിട്ടില്ല. അവരിപ്പോഴും കർഷകർ തന്നെയാണ്. നാഗർകോവിലിലെ ഹിന്ദുകോളേജിലും ചെന്നൈ എം.ഐ.ടി.യും മുംബായ് ഐ.ഐ.ടിയിലുമായാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.