police

തിരുവനന്തപുരം: മേലുദ്യോഗസ്ഥനിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിടുന്നതായി സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ റെയിൽവേ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. ഇനിയും പീഡനം തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അതിനാൽ സ്വയം വിരമിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കാട്ടാക്കട സ്വദേശി പി.അസീമാണ് പരാതി നൽകിയത്.

സബ് ഇൻസ്പെക്ടറായ സുരേഷ് കുമാറിൽ നിന്ന് ഏഴ് മാസമായി മാനസികപീഡനം നേരിടുകയാണെന്നും ഒരു കീഴുദ്യോഗസ്ഥനോട് പെരുമാറാൻ പാടില്ലാത്ത രീതിയിലാണ് എസ്.ഐ പെരുമാറുന്നതെന്നും പരാതിയിൽ പറയുന്നു. തന്നെക്കാൾ ജൂനിയറും പ്രായം കുറഞ്ഞവരുമായ ഉദ്യോഗസ്ഥരുടെ മുന്നിൽവച്ചും പ്ളാറ്റ്ഫോം ഡ്യൂട്ടിയിൽ ആയിരിക്കുമ്പോൾ യാത്രക്കാരുടെ മുന്നിൽവച്ചും അടിമയോടെന്ന പോലെയാണ് പെരുമാറുന്നത്. പരേഡ് നടക്കുന്ന വെള്ളിയാഴ്ച ദിവസങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽവച്ച് അകാരണമായി തന്നെയും കുടുംബത്തേയും എസ്.ഐ അധിക്ഷേപിക്കാറുണ്ടെന്നും അസീം പരാതിയിൽ പറയുന്നു.

അടുത്തിടെ വഴിതെറ്റി സ്റ്റേഷനിലെത്തിയ ഹിന്ദിക്കാരിയോട് വിവരങ്ങൾ വേണ്ടതുപോലെ തിരക്കിയില്ലെന്ന പേരിൽ അകാരണമായി മെമ്മോ നൽകി. ഹിന്ദി വശമില്ലാത്തതിനാൽ ആർ.പി.എഫ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ സ്ത്രീയിൽ നിന്ന് വിവരങ്ങൾ താൻ ചോദിച്ചു മനസിലാക്കി. എന്നാൽ, സ്ത്രീയോട് നേരിട്ട് സംസാരിക്കാൻ ശ്രമിച്ചില്ലെന്നാരോപിച്ചായിരുന്നു മെമ്മോ. തന്നോട് മാത്രമല്ല, മറ്റ് പല ഉദ്യോഗസ്ഥരോടും എസ്.ഐ ഇത്തരത്തിൽ പെരുമാറാറുണ്ടെന്ന് പരാതിയിൽ പറയുന്നു. 1990ൽ പൊലീസ് കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ച അസീം 2015 മുതൽ റെയിൽവേ പൊലീസിലാണ്.

വി.ആർ.എസിന് അപേക്ഷ നൽകിയിട്ടുണ്ട്. ജോലി ചെയ്യാൻ ബുദ്ധിമുട്ടായ ആൾ സർവീസിൽ നിന്ന് പോകുന്നതാണ് നല്ലത് - മഞ്ജുനാഥ്, റെയിൽവേ എസ്.പി